തൃശൂർ: ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്ന് വ്യക്തമായതോടെ കൂടുതൽ വനമേഖലയിൽ സൗരതൂക്കുവേലികൾ സ്ഥാപിച്ചേക്കും. വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ സ്ഥാപിച്ച സൗരതൂക്കുവേലി കുതിരാനിലും കഴിഞ്ഞദിവസം ചാർജ് ചെയ്തിരുന്നു. വാഴാനിയിലേക്കുള്ള കാട്ടാനകളുടെ വരവ് തടയാനാണിത്.
ആനകൾ തുമ്പിക്കൈ കൊണ്ട് തൊടുമ്പോഴേയ്ക്കും ചെറുതായി ഷോക്ക് അടിക്കുന്നതിനാൽ വേഗം പിന്തിരിയും. സോളാറിൽ പ്രവർത്തിക്കുന്ന ഈ തൂക്കുവേലി സ്ഥാപിച്ച ഇടങ്ങളിലൊന്നും ആനകൾ ഇറങ്ങിയിട്ടില്ലെന്നാണ് വിവരം. പുതുതായി ആനകളൊന്നും വാഴാനിയിലേക്കും പ്രവേശിച്ചിട്ടില്ല.
കുതിരാൻ ടണൽ തുറന്നതോടെ വാഴാനി വന്യജീവി സങ്കേതത്തിലേക്ക് പീച്ചിയിൽ നിന്ന് അഞ്ചാനകളാണ് എത്തിയത്. വാഴക്കോട് ഒരാനയെ നായാട്ടുകാർ കൊന്നത് വലിയ വിവാദമായിരുന്നു. ഒന്നര വർഷം മുൻപ് പീച്ചിയിലേക്ക് ഒരു കൊമ്പൻ മടങ്ങിയതായി ട്രാപ്പ് ക്യാമറയിൽ പതിഞ്ഞിരുന്നു. അതുവരെ ആനകളുടെ സാന്നിദ്ധ്യം വാഴാനിയിലോ, മച്ചാട് വനമേഖലയിലോ അപൂർവമായിരുന്നു.
വാഴാനിയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടത്തിലിറങ്ങാൻ തുടങ്ങിയതോടെ കർഷകർ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് വനം വന്യജീവി വിഭാഗം കുതിരാനിൽ ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ഇതുവഴി ആനകൾ വാഴാനിയിലേക്ക് പ്രവേശിക്കുന്ന സ്ഥലം കണ്ടെത്തി സൗരവേലി നിർമിക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് തൂക്കുവേലി യാഥാർത്ഥ്യമായത്. ചെറിയ മൃഗങ്ങളുടെ കാടിറക്കത്തെ തടയാനാവില്ലെങ്കിലും തൂക്കുവേലി ഗുണകരമാണെന്നാണ് ജനങ്ങളും പറയുന്നത്.
ചാലക്കുടി മേഖലയിൽ അടുത്തമാസത്തോടെ
ചാലക്കുടി, വാഴച്ചാൽ, അതിരപ്പിള്ളി മേഖലയിൽ 108 കിലോമീറ്റർ നീളത്തിൽ സോളാർ തൂക്കുവേലി നിർമ്മിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. 1344.69 ലക്ഷം രൂപ ചെലവ് വരും. ടെൻഡർ നടപടികൾ ആരംഭിച്ചു. നബാർഡിന്റെ സഹായത്തോടെ വടക്കാഞ്ചേരിയിൽ 120 ലക്ഷം രൂപ ചെലവിൽ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസ് കം സ്റ്റാഫ് ക്വാർട്ടേഴ്സും പറവട്ടാനിയിൽ 1162.72 ലക്ഷം രൂപ ചെലവിൽ ഫോറസ്റ്റ് കോംപ്ലക്സിന്റെ നിർമ്മാണവും ഉടനാരംഭിക്കുമെന്നും മന്ത്രി എം.കെ ശശീന്ദ്രൻ അറിയിച്ചു.
സൗര തൂക്കുവേലി
ഉയരം: 10 അടി
ചെലവ്: 16 ലക്ഷം
ദൂരം: 1.600 കി.മീറ്റർ.
പീച്ചി വന്യജീവി സങ്കേതത്തിൽ: 950 മീറ്റർ
ഗുണങ്ങൾ
കൃഷിനാശം വരുത്തുന്ന മാൻ, പന്നി ഉൾപ്പെടെയുള്ളവയെ ഏറെക്കുറെ തുരത്താം
ഒന്നോ രണ്ടോ ലെയറാക്കിയും വേലി തൂക്കിയിട്ട് പലതരം മൃഗങ്ങളെ നിയന്ത്രിക്കാം
തിരിച്ചുവരുന്ന ആനകളെ ക്യാമറയിൽ നിരീക്ഷിച്ച് വേലി തുറന്നുവിട്ട് കാട്ടിലെത്തിക്കാം.
രണ്ട് ഭാഗത്ത് തുറക്കാം
വേലിയുടെ രണ്ട് ഭാഗത്ത് ആനത്താര തുറക്കാൻ സംവിധാനമുണ്ട്. വാഴാനിയിൽ നിന്ന് പീച്ചിയിലേക്ക് തിരിച്ചുവരുന്ന ആനകളെ നിരീക്ഷിച്ച് 50 മീറ്റർ അടുത്തെത്തിയാൽ തൂക്കുവേലിയുടെ രണ്ട് ഭാഗത്ത് തുറന്ന് ആനകൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
കാടിറങ്ങുന്ന ആനകളെ തടയാൻ കൂടുതൽ സ്ഥലങ്ങളിൽ സൗരവേലികൾ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മറ്റ് ജില്ലകളിലെല്ലാം സൗരതൂക്കുവേലി ഏറെ പ്രയോജനപ്പെട്ടിരുന്നു.
പി.എം പ്രഭു
വൈൽഡ് ലൈഫ് വാർഡൻ, പീച്ചി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |