വിഴിഞ്ഞം: നാരകക്കൊടി എന്നറിയപ്പെടുന്ന അപൂർവയിനം കുരുമുളക് കണ്ടെത്തി.വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനായി കർഷകർ അവലംബിക്കുന്ന പ്രായോഗിക മാർഗങ്ങളെക്കുറിച്ച് പഠിക്കാൻ പോയ സംഘമാണ് ഇത് കണ്ടെത്തിയത്.ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കൃഷിഭവനു കീഴിലെ മഞ്ഞപ്പാറയിലെ സിബിച്ചൻ ഡൊമിനിക് എന്ന കർഷകന്റെ ശേഖരത്തിലാണ് നാരങ്ങയുടെ മണവും രുചിയുമുള്ള കുരുമുളകിനം സംരക്ഷിക്കപ്പെടുന്നതായി കണ്ടെത്തിയത്.
നാരങ്ങയുടെ മണവും രുചിയുമുള്ള അപൂർവയിനം കുരുമുളകാണിത്. കർഷകൻ തന്നെ 'നാരകക്കൊടി'എന്ന് പേരിട്ടിരിക്കുന്ന ഈ കുരുമുളകിന്റെ മണികളും ഇലകളും ഇതേ ഗുണം പ്രകടിപ്പിക്കുന്നുണ്ടെന്ന് കാർഷിക കോളേജ് അധികൃതർ പറഞ്ഞു.
വിജ്ഞാന വ്യാപന വിഭാഗം ശാസ്ത്രജ്ഞ സ്മിജ.പി.കെ,സുഗന്ധവിള ഗവേഷണ വിഭാഗത്തിലെ പി.എച്ച്.ഡി വിദ്യാർത്ഥി രേഷ്മ.പി, റിസർച്ച് അസിസ്റ്റന്റ് അനന്തു പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് ഈ ഇനത്തിന്റെ വർഗീകരണ സവിശേഷതകൾ രേഖപ്പെടുത്തിയത്.
അത്യപൂർവമായ ഈ നാരകക്കൊടി തന്റെ കൃഷിയിടത്തിൽ സ്വയമുണ്ടായതാണെന്ന് കർഷകൻ പറയുന്നു.ഇതിലെ കുരുമുളകിന് എരിവ് കുറവാണ്. ഇതിന്റെ ഇലയ്‌ക്കോ കുരുമുളകിനോ സാധാരണയിൽ നിന്ന് മറ്റു പ്രകടമായ വ്യത്യാസങ്ങൾ ഒന്നുമില്ലെന്ന് ഗവേഷകസംഘം പറയുന്നു.20 വർഷമായി ഇയാൾ ഈ ഇനം കൃഷിചെയ്യുന്നുണ്ടെങ്കിലും പുറം ലോകത്ത് എത്തുന്നത് ആദ്യമായാണ്. മുൻപ് ഇതിനെ സംബന്ധിച്ച് സിബിച്ചൻ പഞ്ചായത്തിലും കൃഷിഭവനിലും അറിയിച്ചെങ്കിലും ആരും കാര്യമായി എടുത്തില്ല.ഇതിനെക്കുറിച്ചു കൂടുതൽ പഠനം നടത്തുന്നതിന്റെ ഭാഗമായി ഈ സംഘം വീണ്ടും ഇടുക്കിയിലേക്ക് പോകും.
പൂവ് ഉൾപ്പെടെയുള്ളവ ശേഖരിച്ചാകും പഠനം.കുരുമുളകിൽ നിന്ന് എണ്ണ വേർതിരിച്ചെടുത്താൽ ഭക്ഷണത്തിന് രുചിക്കൂട്ടായി ഉപയോഗിക്കാൻ കഴിയുമെന്നാണ് ഗവേഷക സംഘം പറയുന്നത്.സർവകലാശാലയുടെ ഭൗതിക സ്വത്തവകാശ സെല്ലിലേക്ക് വിവരം അറിയിച്ച് തുടർപഠനങ്ങൾ നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |