സിംഗപൂർ: ചൈനീസ്- സിംഗപൂരിയൻ ടാക്‌സി ഡ്രൈവർ സ്ത്രീയെയും മകളെയും ഇന്ത്യക്കാരെന്ന് കരുതി 'മോശപ്പെട്ടവരെന്നും' എന്നും 'വിഡ്ഢിയെന്നും' വിളിച്ച് അധിക്ഷേപിച്ചതായി പരാതി. സിംഗപൂരിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. സിംഗപൂർ- യുറേഷ്യൻ സ്വദേശിയായ ജാനെൽ ഹോഡെനും (46) ഒൻപത് വയസുകാരിയായ മകളുമാണ് അധിക്ഷേപത്തിനിരയായത്. ടാക്‌സി ബുക്കിംഗ് ആപ്പ് ആയ 'ടഡാ'യിലെ ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയത്.
ടഡായിൽ യാത്ര ബുക്ക് ചെയ്തതിനുശേഷം കാറിലിരിക്കവേ ഡ്രൈവർ ഹോഡെനും മകൾക്കും നേരെ ആക്രോശിക്കുകയായിരുന്നു. മെട്രോ നിർമാണം നടക്കുന്നതിനാൽ റോഡ് ബ്ളോക്ക് ചെയ്തതിൽ പ്രകോപിതനായാണ് ഡ്രൈവർ ഹോഡെനെ അധിക്ഷേപിച്ചത്. തെറ്റായ ദിശയും വിലാസവും ഹോഡെൻ നൽകിയെന്ന് വാദിച്ച ഡ്രൈവർ നിങ്ങൾ ഇന്ത്യൻ ആണെന്നും വിഡ്ഢിയാണെന്നും ആക്ഷേപിച്ചു. ഇതോടെ ഹോഡെൻ ഡ്രൈവറുടെ സംഭാഷണം റെക്കാഡ് ചെയ്യാനാരംഭിച്ചു.
തുടർന്ന് ഹോഡെന്റെ മകളുടെ ഉയരത്തെയും ഡ്രൈവർ കുറ്റപ്പെടുത്തി. 135 സെന്റിമീറ്ററിൽ കുറവ് ഉയരമുള്ള യാത്രക്കാർക്കായി ബൂസ്റ്റർ സീറ്റുകൾ ഉണ്ടായിരിക്കണമെന്ന് സിംഗപൂരിൽ നിയമമുണ്ട്. ഹോഡെന്റെ മകൾക്ക് 135 സെന്റിമീറ്ററിൽ കുറവ് ഉയരമാണുള്ളതെന്ന് ഡ്രൈവർ ആരോപിച്ചു. എന്നാൽ ഒൻപതുകാരിയായ മകൾക്ക് 137 സെന്റിമീറ്ററാണ് ഉയരമെന്ന് ഹോഡെൻ മറുപടി നൽകിയപ്പോൾ മകളെ 'നിയമവിരുദ്ധമെന്ന്' ഡ്രൈവർ വിളിച്ചതായും പരാതിയിലുണ്ട്. തുടർന്ന് 'നിങ്ങൾ ഇന്ത്യനാണ്, ഞാൻ ചൈനീസും. നിങ്ങൾ ഏറ്റവും മോശപ്പെട്ട വർഗമാണ്'- എന്ന് ഡ്രൈവർ ആക്രോശിച്ചുവെന്ന് ഹോഡെൻ പറയുന്നു.
പിന്നാലെ താൻ ഇന്ത്യൻ അല്ലെന്നും സിംപൂരിയൻ യുറേഷ്യനാണെന്ന് മറുപടി നൽകിയെന്നും യുവതി പറഞ്ഞു. താൻ ഇന്ത്യൻ ആയാലും, ഇരുണ്ട നിറമുള്ളയാൾ ആയാലും ഡ്രൈവറുടെ പെരുമാറ്റം അംഗീകരിക്കാനാവാത്തതാണെന്ന് ഹോഡെൻ കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ചുള്ള ഹോഡെന്റെ സമൂഹമാദ്ധ്യമ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട 'ടാഡ' ടാക്‌സി കമ്പനി വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |