നാഗ്പൂർ: ഹെഡ്ലൈറ്റിന്റെ പ്രകാശം മുഖത്തടിച്ചത് ചോദ്യം ചെയ്തതിൽ വാക്കുത്തർക്കം. പിന്നാലെയുണ്ടായ മർദ്ദനത്തിൽ 54 കാരന് ദാരുണാന്ത്യം. നാഗ്പൂരിൽ സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ് ഉദ്യോഗസ്ഥന്റെ മർദ്ദനമേറ്റ മുരളീധർ രാംറോജിയാണ് മരിച്ചത്. വത്തോഡ പൊലീസ് സ്റ്റേഷൻ പരിധിയിലുളള മാതാ മന്ദിർ പ്രദേശത്ത് സഹോദരിയെ കാണാനെത്തിയ ഉദ്യോഗസ്ഥനായ നിഖിൽ ഗുപ്ത (30) ആണ് മർദ്ദിച്ചത്.
ഗുപ്ത തന്റെ കാർ പാർക്ക് ചെയ്തപ്പോൾ ഹെഡ്ലൈറ്റിന്റെ പ്രകാശം മുരളീധറിന്റെ മുഖത്ത് പതിച്ചിരുന്നു. തുടർന്ന് മുരളീധർ പ്രതിയോട് പ്രകാശം മുഖത്തടിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ ഇതുകേട്ട് ക്ഷുഭിതനാവുകയും വാക്കുതർക്കത്തിനിടയാകുകയും ചെയ്തു. കലഹത്തിനിടയിൽ ഗുപ്ത മുരളീധറിനെ ശക്തമായി അടിച്ചു. ബോധം നഷ്ടപ്പെട്ട മുരളീധറിനെ ആളുകൾ അടുത്തുളള മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ശനിയാഴ്ചയോടെ മുരളീധർ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |