SignIn
Kerala Kaumudi Online
Thursday, 07 December 2023 12.04 PM IST

ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തുന്ന മറ്റൊരു മഹാമാരി വരാൻ പോകുന്നു? മുന്നറിയിപ്പ് നൽകിയിരിക്കുന്ന 'ബാറ്റ് വുമൺ' നിസാരക്കാരിയല്ല

bat-woman

വുഹാൻ: 2019ൽ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം എഴുപത് കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകൾ മരണത്തിന് കീഴടങ്ങി.

എവിടെ നിന്നാണ് കൊവിഡ് ഉത്ഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ചൈന അന്താരാഷ്ട്ര ഗവേഷകരോട് സഹകരിക്കുന്നില്ല. വൈറസ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിൽ നിന്ന് അബദ്ധത്തിൽ ചോർന്നതാകമെന്നതടക്കമുള്ള ആരോപണങ്ങളും ചൈന നേരിടുന്നുണ്ട്.

covid

കൊവിഡ് 19 ന് കാരണമായ സാർസ് കോവ് -2 കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ചൈന തയ്യാറാകണമെന്ന് കഴിഞ്ഞാഴ്ചയാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. കൊവിഡ് ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന് വീണ്ടും വിദഗ്ദ്ധ സംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ സംഘടന തയാറാണെന്നും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചിരുന്നു.

ഇതിനുപിന്നാലെ ചൈനയിലെ പ്രശസ്ത വൈറോളജിസ്റ്റ് ഷി ഷെങ്‌ലി ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണിപ്പോൾ. കൊവിഡ് പൊലൊരു രോഗത്തെ നേരിടാൻ ലോകം സജ്ജമായിരിക്കണമെന്നാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഷി ഷെങ്‌ലിയും സഹപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പ്.

china-covid

ആരാണ് ഷി ഷെങ്‌ലി?

ചൈനയിലെ പ്രശസ്തരായ വൈറോളജിസ്റ്റുകളിലൊരാളാണ് ഷി ഷെങ്‌ലി. 'ബാറ്റ് വുമൺ' എന്നാണ് അവർ അറിയപ്പെടുന്നത്. മൃഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെയാണ് അവർ പ്രശസ്തയായത്. ഇതിനുപിന്നാലെയാണ് 'ബാറ്റ് വുമൺ'(bat woman) എന്ന വിളിപ്പേര് കിട്ടിയത്.

bat-woman

ഷി ഷെങ്‌ലി, തന്റെ സഹപ്രവർത്തകർക്കൊപ്പം അടുത്തിടെ തയ്യാറാക്കിയ ഒരു പഠന റിപ്പോർട്ടിലാണ് കൊവിഡ് 19 പോലുള്ള മറ്റൊരു രോഗത്തെ നേരിടാൻ ലോകം തയ്യാറായിരിക്കണമന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി ഷിയും സംഘവും വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലും മറ്റും എത്തി സാമ്പിളുകൾ ശേഖരിച്ചിരുന്നു.

china

തുടർന്ന്‌ നടത്തിയ പരിശോധനയിൽ ചൈനയിൽ സാർസ് രോഗത്തിന് കാരണമായ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തിയിരുന്നു. കൂടാതെ ഈ വൈറസിൽ നിന്ന് ഉരുത്തിരിഞ്ഞ് കൊറോണ വൈറസിനെയും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ലോകത്തിന് മുന്നറിയിപ്പ്

കൊറോണ വൈറസ് 2003ൽ സാർസ് പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായി. ഇത് ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകളെ ബാധിച്ചു. നിരവധി പേർ മരണത്തിന് കീഴടങ്ങി. കൊവിഡ് പോലെ തന്നെ ചൈനയിലെ ഹോംങ്കോംഗിനെയായിരുന്നു ഇത് പ്രധാനമായും ബാധിച്ചത്. വർഷങ്ങൾക്ക് ശേഷം കൊവിഡ് വ്യാപിച്ചു.

covid-19

ഷിയുടെ ടീം നടത്തിയ പഠനത്തിൽ 40 കൊറോണ വൈറസ് സ്പീഷിസുകളുടെ അപകട സാദ്ധ്യത വിലയിരുത്തിയതായി ചൈനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അവയിൽ പകുതിയും വളരെ അപകട സാദ്ധ്യതയുള്ളതാണെന്ന് കണ്ടെത്തി. ഇതിൽ ആറെണ്ണം ഇതിനോടകം തന്നെ മനുഷ്യരെ ബാധിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.

ജനസംഖ്യ, ജനിതക വൈവിദ്ധ്യം, വൈറസ് രോഗങ്ങൾ, മൃഗങ്ങളിൽക്കൂടിയും മറ്റും പകരുന്ന മുൻകാല രോഗങ്ങളുടെ ചരിത്രം അടക്കം പഠനവിധേയമാക്കി. ഭാവിയിൽ ഇത്തരത്തിലുള്ള ഒരു രോഗം ഉടലെടുക്കുമെന്ന് ഏതാണ്ട് ഉറപ്പാണെന്നും നേരിടാൻ ലോകം സജ്ജമായിരിക്കണമെന്നുമാണ് ഗവേഷക സംഘത്തിന്റെ മുന്നറിയിപ്പ്.

ഈ പഠന റിപ്പോർട്ട് ജൂലായിൽ ഇംഗ്ലീഷ് ഭാഷാ ജേർണലായ എമർജിംഗ് മൈക്രോബ്സ് & ഇൻഫെക്ഷനിൽ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ശ്രദ്ധ നേടുന്നത്.

covid-19-china

അമേരിക്കയ്ക്ക് സംശയം

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ നിന്ന് വൈറസ് ചോർന്നതാണ് കൊവിഡിന് കാരണമെന്നാണ് അമേരിക്കയിലെ ചില രാഷ്ട്രീയക്കാരും മറ്റും ഇപ്പോഴും വിശ്വസിക്കുന്നത്. അതിനാൽത്തന്നെ അവിടത്തെ വൈറോളജിസ്റ്റായ ഷിയും സംശയനിഴലിലാണെന്നാണ് അവരുടെ അഭിപ്രായം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHI ZHENGLI, COVID 19, CHINA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.