മുംബയ്: ഓവർ സ്‌പീഡിൽ പാഞ്ഞത് ചോദ്യം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥരെ പിടിച്ചുതള്ളിയും ഭീഷണിപ്പെടുത്തിയും മോശമായി പെരുമാറി യുവതി. മുംബയിലെ ബാന്ദ്ര-വർളി സീ ലിങ്ക് ഭാഗത്താണ് 26കാരി ആർകിടെക്‌ട് നൂപുർ മുകേഷ് പട്ടേൽ തന്റെ റോയൽ എൻഫീൽഡ് ബൈക്കിൽ കുതിച്ചുപാഞ്ഞത്.
സംഭവം പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെ ഇവരെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി. ബൈക്കിൽ നിന്നിറങ്ങാൻ യുവതിയോട് പൊലീസ് കോൺസ്റ്റബിൾ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായി യുവതി പറഞ്ഞത്. 'നരേന്ദ്ര മോദി എന്നോട് ബൈക്ക് ഓഫ് ചെയ്യാൻ പറഞ്ഞാൽ ഞാൻ ചെയ്യും. പോയി മോദിയെ വിളിച്ചുകൊണ്ടുവാ' എന്നാണ്.
യുവതിയെ ഇറക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചയുടനെ ബൈക്കിൽ തൊട്ടാൽ കൈ വെട്ടും എന്ന് ഭീഷണിപ്പെടുത്തുകയും 'ബൈക്കിൽ കൈ വയ്‌ക്കാൻ എങ്ങനെ ധൈര്യംവന്നു.' എന്നും യുവതി ചോദിക്കുന്നു. ഇത് തന്റ അച്ഛന്റെ ഉടമസ്ഥതയിലുള്ള റോഡാണെന്നും നികുതി അടയ്‌ക്കുന്നയാളാണെന്നും ആർക്കും തടയാനാകില്ല എന്നുമെല്ലാം യുവതി പൊലീസിനോട് തർക്കിക്കുന്നുണ്ട്. എന്തായാലും സംഭവത്തിന്റെ വീഡിയോ വളരെവേഗം വൈറലായി മാറി.
അശ്രദ്ധമായി വാഹനമോടിച്ചതിനും തടസമുണ്ടാക്കിയതിനും സർക്കാർ ഉദ്യോഗസ്ഥന്റെ ജോലിയെ തടസപ്പെടുത്തിയതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് യുവതിയ്‌ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |