ചിക്കൻ വിഭവങ്ങൾ ഇഷ്‌ടപ്പെടുന്നവർ പോലും നോ പറയുന്ന ഒന്നാണ് ചിക്കൻ ഫ്രൈ അഥവാ ചിക്കൻ വറുത്തത്. എണ്ണയിൽ വറുത്ത് കോരുന്ന വിഭവം ആയതിനാൽ തടി വയ്ക്കുമോയെന്നും കൊളസ്‌ട്രോൾ കൂടുമോയെന്നും ഭയന്നാണ് മിക്കവരും ഫ്രൈ ഒഴിവാക്കുന്നത്. എയർ ഫ്രയർ ഉപയോഗിച്ച് എണ്ണയില്ലാതെ വിഭവങ്ങൾ ഉണ്ടാക്കുന്നവരും ഇന്നുണ്ട്. എന്നാൽ ഇങ്ങനെയൊന്നും അല്ലാതെ തന്നെ രുചിയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ, അതും തീരെ എണ്ണ ഉപയോഗിക്കാതെ?
ആദ്യം കഴുകി വൃത്തിയാക്കിയ ചിക്കൻ അരകിലോ എടുത്ത് വയ്‌ക്കാം. ഇതിലേയ്ക്ക് രണ്ട് ടീസ്‌പൂൺ മുളകുപൊടി, അര ടീസ്‌പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്‌പൂൺ നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് എല്ലാം നന്നായി യോജിപ്പിച്ചെടുത്തിട്ട് ഒരു മണിക്കൂർ ഫ്രിജ്‌ഡിൽ വയ്ക്കണം.
ഇനി മിക്‌സി ജാറെടുത്ത് അതിൽ ഒരു സവാള അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, ആറോ ഏഴോ അല്ലി വെളുത്തുള്ളി, രണ്ട് പച്ചമുളക് എന്നിവ എടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. തുടർന്ന് ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കിയതിനുശേഷം രണ്ട് ടേബിൾ സ്‌പൂൺ പച്ചമല്ലി, ഒരു ടീസ്‌പൂൺ പെരുംജീരകം, ഒരു ടീസ്‌പൂൺ ചെറിയ ജീരകം, നാല് ഏലയ്ക്ക, ചെറിയ കഷ്ണം കറുവാപ്പട്ട, ഒരു ടേബിൾ സ്‌പൂൺ കുരുമുളക് എന്നിവ ചൂടാക്കിയെടുക്കാം. എല്ലാം നന്നായി ചൂടായിക്കഴിയുമ്പോൾ ഫ്ളെയിം ഓഫ് ചെയ്തതിനുശേഷം കുറച്ച് തണുക്കുമ്പോൾ മിക‌്‌സി ജാറിലിട്ട് പൊടിച്ചെടുക്കാം.
അടുത്തതായി ഒരു ടേബിൾ സ്‌പൂൺ എണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ നേരത്തെ അരച്ചുവച്ച പേസ്റ്റ് ചേർത്ത് വഴറ്റിയെടുക്കണം. ഇനി ഇതിലേയ്ക്ക് ഫ്രിഡ്‌ജിൽ വച്ചിരിക്കുകയായിരുന്ന ചിക്കനും കുറച്ച് കറിവേപ്പിലയും ചേർത്ത് രണ്ടുമിനിട്ട് വഴറ്റണം. ഇനി മൂന്ന് സ്‌പൂൺ പുളിയില്ലാത്ത തൈര് കൂടി ചേർത്തിളക്കിയിട്ട് ഒരു പതിനഞ്ച് മിനിട്ട് ചിക്കൻ അടച്ചുവച്ച് വേവിക്കാം. ഇനി നേരത്തെ പൊടിച്ചുവച്ച മസാലക്കൂട്ട് ചേർത്ത് അഞ്ചുമിനിട്ട് നന്നായി വഴറ്റിയെടുക്കാം. കുറച്ച് മല്ലിയില കൂടി ചേർത്താൽ വെറൈറ്റി ചിക്കൻ ഫ്രൈ റെഡിയായി കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |