പെരുമ്പളം: കേരളത്തിൽ കായലിന് കുറുകെയുള്ള ഏറ്റവും നീളമുള്ള പെരുമ്പളം പാലം യാഥാർത്ഥ്യമാകാൻ ഇനി മാസങ്ങൾ മാത്രം. നാലുവശവും വേമ്പനാട് കായലാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രകൃതി സുന്ദരമായ പെരുമ്പളം ദ്വീപ് പഞ്ചായത്തിനെ മറുകരയായ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഏഴുപത് ശതമാനം ജോലികളും പൂർത്തിയായി.
സ്ഥലം ഏറ്റെടുക്കൽ
വടുതലയിൽ 70 സെന്റും പെരുമ്പളത്ത് 184 സെന്റ് ഭൂമിയും പാലത്തിന്റെ അപ്പ്രോച്ച് റോഡിനായി ഏറ്റെടുത്തുകഴിഞ്ഞു. ഇതിനുവേണ്ടി 4.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തുകളിലെ ഭൂരിഭാഗം പേർക്കും സ്ഥലവില നൽകിയിട്ടുണ്ട്.
പാലം അതിവേഗം
കിഫ്ബി നൂറു കോടി രൂപ മുടക്കിൽ നിർമ്മിക്കുന്ന പാലത്തിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. 2021 ജനുവരിയിൽ നിർമ്മാണം തുടങ്ങിയ പാലം 2024 ജനുവരിയിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് കരുതപ്പെടുന്നു.
ആർച്ച് ബീം നിർമ്മാണം തുടങ്ങി
ദേശീയ ജലപാത കടന്നുപോകുന്ന പ്രദേശമായതിനാൽ മദ്ധ്യഭാഗത്ത് യാനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ പാലം ഉയർത്തിനിർമ്മിക്കണം. മൂന്ന് ആർച്ച് ബീമുകളാണ് വേണ്ടത്. ഇവിടത്തെ മൂന്ന് സ്പാനുകൾക്ക് 55 മീറ്ററാണ് നീളം.
നേട്ടങ്ങൾ
പാലം യാഥാർത്ഥ്യമാകുന്നതോടെ ദ്വീപ് നിവാസികൾക്ക് ബോട്ടും ജങ്കാറും കാത്തുനിൽക്കേണ്ട അവസ്ഥ ഒഴിവാകും. ഗ്രാമത്തിലെ ഭൂമി വില കുതിച്ചുയരും. ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വിപണന മേളയിൽ സ്ഥാനം പിടിച്ച 'പെരുമ്പളം കുടംപുളി' കായൽ കടന്ന് വിപണി കണ്ടെത്തും. പ്രാദേശിക കുടുംബശ്രീ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കിട്ടും. പ്രകൃതിരമണീയമായ പെരുമ്പളത്തേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നതോടെ പഞ്ചായത്തിന്റെ സാമ്പത്തികനില മെച്ചപ്പെടും. മത്സ്യവ്യവസായം തകർന്നതോടെ പട്ടിണിയിലായ ദ്വീപ് നിവാസികൾക്ക് അനുബന്ധ ജോലികൾ ലഭ്യമാകുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |