ബീജിംഗ്: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം കൊയ്‌ത് ഇന്ത്യയുടെ പെൺപട. 19 റൺസിന് ശ്രീലങ്കയെ തകർത്താണ് ഇന്ത്യൻ വനിതാ ടീം ചരിത്രം കുറിച്ചത്. 2023 ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടമാണിത്.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എടുത്തിരുന്നു. ഇന്ത്യ ഉയർത്തിയ 117 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ലങ്കൻ ടീമിന് 96 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ബൗളിംഗിലെ മികവാണ് ഇന്ത്യയെ ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിൽ ആദ്യ സ്വർണത്തിന് അർഹരാക്കിയത്. സ്‌മൃതി മന്ഥാനയ്ക്കും (45 പന്തിൽ 46 രൺസ്) ജെമീമ റോഡ്രിഗസിനും (40 പന്തിൽ 42 റൺസ്) മാത്രമാണ് ഇന്ത്യൻ ടീമിൽ തിളങ്ങാനായത്. മലയാളി താരം മിന്നുമണിയും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
മലേഷ്യക്കെതിരായ ക്വാർട്ടർ മത്സരത്തിലാണ് മിന്നു ഇന്ത്യക്കായി കളിച്ചത്. ഇന്ത്യയുടെ ടിറ്റസ് സിദ്ധു മൂന്ന് വിക്കറ്റും രാജേശ്വരി ഗെയ്‌ക്‌വാദ് രണ്ടും ദീപ്‌തി ശർമ, പൂജ വസ്‌ത്രകാർ, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. 22 ബോളിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്‌കോറർ. സെമിഫൈനലിൽ ബംഗ്ളാദേശിനെ എട്ടുവിക്കറ്റിന് വീഴ്‌ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |