പാലാ: പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ പൊൻകുന്നം റോഡ് അപകടപാതയായി മാറുന്നു. ഈ റൂട്ടിൽ ചോര വീഴാത്ത ദിവസങ്ങളില്ല എന്നുതന്നെ പറയാം.
ഇന്നലെ കടയം ഭാഗത്ത് നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കുഞ്ഞുങ്ങൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു.
പൈക സ്വദേശികളായ കുടുംബാംഗങ്ങൾ ഡാൽവിൻ (45), നിജിത (38), ഡിയോണ (13), ഡിയ (11), ഡാലിൻ (4), കാർ ഡ്രൈവർ അനൂപ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആറുപേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മൂന്നുമാസത്തിനിടെ ഈ റൂട്ടിൽ ചെറുതും വലുതുമായ 18 അപകടങ്ങളാണ് ഉണ്ടായത്. രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. മഴക്കാലത്ത് മിനുസമേറിയ റോഡിൽ അമിതവേഗതയിൽ വന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടതിലേറെയും.
വാഴേമഠം ഇറക്കം, കടയം, വിളക്കുമരുത്, പൂവരണി, പൈക, പച്ചാത്തോട്, എലിക്കുളം, മഞ്ചക്കുഴി, ഇളങ്ങുളം പ്രദേശങ്ങളിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്.
വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും ചില ഭാഗങ്ങളിൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണവുമാണ് അപകടങ്ങൾക്ക് പിന്നിലെ പ്രധാനകാരണങ്ങളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വീതിയേറിയ റോഡിൽ പലപ്പോഴും വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നതായി പരാതി ഉയർന്നിരുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും തമ്മിലുള്ള മത്സരയോട്ടവും ഈ റൂട്ടിൽ പതിവാണ്.
പരിശോധന ശക്തമാക്കണം
പാലാ പൊൻകുന്നം റൂട്ടിലെ വർദ്ധിച്ച അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ്, പൊലീസ് അധികാരികളുടെ പരിശോധന കർശനമാക്കണമെന്ന് പാലാ നഗരസഭാ തെക്കേക്കര വാർഡ് കൗൺസിലറും പ്രതിപക്ഷ നേതാവുമായ പ്രൊഫ. സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് ചീഫ് എന്നിവർക്ക് ഉടൻ നിവേദനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |