തൃശൂർ: ആംബുലൻസ് ലഭിക്കാത്തതിനാൽ യഥാസമയം ചികിത്സ ലഭിക്കാതെ പ്ലാന്റേഷൻ തൊഴിലാളിയുടെ ഭർത്താവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാലടി പ്ലാന്റേഷൻ അതിരപ്പള്ളി എസ്‌റ്റേറ്റിൽ ഒന്നാം ഡിവിഷനിൽ പ്ലാന്റേഷൻ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന താക്കോൽക്കാരൻ ഡേവിസ് ആണ് ശനിയാഴ്ച രാത്രി മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ട ഡേവിസിനെ തൊഴിലാളികളുടെ ആവശ്യത്തിനായി പ്ലാന്റേഷനിലുള്ള ആംബുലൻസ് കേടായതിനാൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് വെറ്റിലപ്പാറയിലെ 108 ആംബുലൻസ് വിളിച്ചെങ്കിലും രാത്രിയിൽ സർവീസ് നടത്തില്ലെന്ന് പറഞ്ഞു. തുടർന്ന് വെറ്റിലപ്പാറയിൽ നിന്നും കാർ വരുത്തി രാത്രി 11.30ന് ചാലക്കുടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു.
വെറ്റിലപ്പാറയിലെ 108 ആംബുലൻസ് 24 മണിക്കൂറും സർവീസ് നടത്തണമെന്ന് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വന്യമൃഗ ആക്രമണം ഉണ്ടായാലും ചികിത്സ നൽകാതെ മാനേജ്‌മെന്റ് കെടുകാര്യസ്ഥതത കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |