കൊച്ചി: കാമുകൻ പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷംകലർത്തി നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കന്യാകുമാരി ദേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയംവീട്ടിൽ ഗ്രീഷ്‌മയ്ക്ക് (22) ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
പ്രതിക്കെതിരെ സമൂഹത്തിലുള്ള വികാരംമാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യംനൽകാതെ പ്രതിയെ ശിക്ഷിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റേതാണ് ഉത്തരവ്.
ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. വിചാരണക്കോടതി കേസുവിളിക്കുമ്പോഴൊക്കെ വീഴ്‌ചവരുത്താതെ ഹാജരാകണം. നിലവിലെ മേൽവിലാസവും മൊബൈൽനമ്പരും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും കൈമാറണം.
2022 ഒക്ടോബർ 17നാണ് ഷാരോൺ രാജിനെ ഗ്രീഷ്മ തന്റെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. പ്രണയബന്ധത്തിൽനിന്ന് പിന്മാറാൻ വിസമ്മതിച്ചതായിരുന്നു കാരണം. ഗുരുതരാവസ്ഥയിലായ ഷാരോൺ ഒക്ടോബർ 25ന് ചികിത്സയിലിരിക്കെ മരിച്ചു. അറസ്റ്റിലായ ഗ്രീഷ്മ നവംബർ ഒന്നുമുതൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
തെളിവുനശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ നായർ എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു. ജനുവരി 25ന് കേസിൽ കുറ്റപത്രം നൽകി. തുടർന്നാണ് ജാമ്യംതേടി ഗ്രീഷ്മ ഹർജി നൽകിയത്.
അന്വേഷണവുമായി സഹകരിച്ചെന്നും കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ഗ്രീഷ്‌മ ജാമ്യഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഷാരോണിന്റെ മരണമൊഴിയിൽ തനിക്കെതിരെ ആരോപണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സെഷൻസ് കോടതി അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കിയതും ചൂണ്ടിക്കാട്ടി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഏതാനും ദിവസംമുമ്പ് മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. സഹതടവുകാരിയുമായുളള പ്രശ്നത്തെത്തുടർന്നാണിത്.
മോചനം വൈകും
അറസ്റ്രിലായി പൊലീസ് കസ്റ്റഡിയിലിക്കെ നെടുമങ്ങാട് സ്റ്റേഷനിൽവച്ച് ലോഷൻ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഗ്രീഷ്മയ്ക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസെടുത്തിരുന്നു. നെടുമങ്ങാട് കോടതിയിലാണ് ഈ കേസ്. ഇതിൽകൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാവൂ. ജാമ്യം നേടാനുള്ള നടപടി ഗ്രീഷ്മയുടെ അഭിഭാഷകൻ തുടങ്ങിയെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |