കൊച്ചി: ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ കോടതി ഇടപെടൽ. ഷീല സണ്ണിയെ കുടുക്കിയതായി സംശയിക്കുന്ന ബന്ധുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയായ ലിവിയയ്ക്കാണ് കോടതി അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയത്.
തന്നെ കള്ളക്കേസിൽപ്പെടുത്താൻ എക്സൈസ് ശ്രമിക്കുന്നതായി ആരോപിച്ച് ലിവിയ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഹർജി തീർപ്പാക്കുന്നത് വരെ കോടതി അറസ്റ്റ് തടയുകയായിരുന്നു. സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.
അതേസമയം മയക്കുമരുന്ന് കേസിൽ കുരുക്കി ജയിലിൽ അടച്ചതിനു പിന്നിൽ അടുത്ത ബന്ധുവും ബംഗളൂരുവിൽ വിദ്യാർത്ഥിയുമായ യുവതിയെ സംശയിക്കുന്നതായി ഷീല മൊഴി നൽകിയിരുന്നു. ഷീലയുടെ പരിയാരത്തെ വീട്ടിൽ യുവതി വരാറുണ്ടായിരുന്നു. അറസ്റ്റിന് മുമ്പും വന്നിരുന്നു. ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. കൂടാതെ താൻ പുറത്തുപോയി വില്പന നടത്തിയെന്ന് വ്യാജറിപ്പോർട്ട് ചമച്ചാണ് എക്സൈസ് ജയിലിലടച്ചതെന്നും ഷീല ആരോപണം ഉന്നയിച്ചിരുന്നു.
ഷീല സണ്ണിയുടെ ബാഗിൽ ലഹരി സ്റ്റാഫ് ശേഖരമുള്ളതായി ലഭിച്ച വാട്ട്സാപ്പ് കാളിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് ചാലക്കുടിയിലുള്ള അവരുടെ ബ്യൂട്ടി പാർലറിലെത്തിയത്. ഷീലയുടെ ബാഗിലോ വണ്ടിയിലോ സ്റ്റാമ്പുണ്ടാകുമെന്നും വൈകിട്ട് നാലരയ്ക്കുള്ളിൽ ചെന്നാൽ പിടിക്കാമെന്നുമാണ് ഇരിങ്ങാലക്കുട എക്‌സൈസ് സി.ഐയ്ക്ക് വിവരം നൽകിയയാൾ പറഞ്ഞത്. ബ്യൂട്ടിപാർലറിലെത്തിയ എക്സൈസ് സംഘം ഷീലയുടെ ബാഗ്, വാഹനം എന്നിവയിൽ നിന്ന് 12 സ്റ്റാമ്പുകളാണ് കണ്ടെടുത്തത്. തുടർന്ന് 72 ദിവസത്തെ ജയിൽവാസം. എൽ.എസ്.ഡി സ്റ്റാമ്പല്ലെന്ന് ലാബ് റിപ്പോർട്ട് വന്നതിനുശേഷം മേയ് 10നാണ് ജയിൽ മോചിതയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |