തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിക്കും കോടതിയുടെ ക്ലീൻചിറ്റ്. പരാതിക്കാരിയുടെ ഹർജി തള്ളിയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ ഹൈബി ഈഡനെ കുറ്റ വിമുക്തനാക്കിയത്.സി. ബി.ഐ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ. പി. അനിൽ കുമാർ എന്നിവരെ നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും ശാസ്ത്രീയ തെളിവ് ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തത്. പരാതിക്കാരി ഹാജരാക്കിയ സാരിയിൽ പുരുഷ ബീജമോ രക്തമോ കണ്ടെത്താനായില്ലെന്ന് സ്റ്റേറ്റ് ഫോറൻസിക് ലാബിലെ പരിശോധനയിൽ ബോധ്യമായതായി സി. ബി.ഐ പറയുന്നു. പീഡനം നടന്നതായി പറയുന്ന എം. എൽ.എ ഹോസ്റ്റലിൽ സി. സി.ടി. വി ഇല്ലെന്നും അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് ചോദിച്ചപ്പോൾ ആരോപണ ദിവസം പരാതിക്കാരിയെ കണ്ടിരുന്നില്ലെന്നും സി. ബി. ഐ കണ്ടെത്തിയിരുന്നു.
പച്ചാളം സൗന്ദര്യവത്കരണ പദ്ധതിയിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കത്ത് നല്‍കാമെന്ന് പറഞ്ഞ് അന്ന് എം.എൽ.എ ആയിരുന്ന ഹൈബി ഈഡൻ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.
ഗണേശ് കുമാർ നേരിട്ട് ഹാജരാകണം
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർകേസ് കമ്മിഷന് മുന്നിൽ വ്യാജരേഖകളും തെളിവുകളും ഹാജരാക്കിയെന്ന കേസിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എ അടുത്തമാസം 18ന് നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
കേസിൽ ഉമ്മൻചാണ്ടിയെ അടക്കം നേരത്തെ വിസ്തരിച്ചിരുന്നു. ഇതിനിടെ ഗണേശ് കുമാർ ഹൈക്കോടതിയിൽ നിന്ന് വിചാരണ നടപടികൾക്ക് സ്റ്റേ വാങ്ങി. സ്റ്റേയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകൻ ഹാജരായി. എന്നാൽ അടുത്തമാസം 18ന് ഗണേശ്കുമാർ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. മുൻ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ജേക്കബാണ് ഹർജിക്കാരൻ. കേസിൽ സരിത എസ്.നായർ ഒന്നാം പ്രതിയും ഗണേശ് കുമാർ രണ്ടാം പ്രതിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |