കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ ചോദ്യം ചെയ്യലിൽ ഇ ഡി തന്നെ ഭീഷണിപ്പെടുത്തിയെന്ന് തൃശൂർ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം കെ കണ്ണൻ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്കിന്റെ വൈസ് ചെയർമാൻ കൂടിയായ കണ്ണനെ കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് മണിക്കൂറുകൾ ചോദ്യം ചെയ്തത്.
ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടയിൽ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എം കെ കണ്ണൻ മാദ്ധ്യമങ്ങളോടായി പറഞ്ഞു. തല്ലിയില്ല, ജയിലിലേയ്ക്ക് വിടും കേസെടുക്കും എന്നൊക്കെയാണ് ഭീഷണി. അവർ ഉദ്ദേശിക്കുന്ന രീതിയിൽ ഉത്തരം നൽകാനാണ് സമ്മർദ്ദം. എന്നാൽ ഞാൻ പറ്റില്ലെന്ന് പറഞ്ഞു. ഭീഷണിയാണല്ലോ അവരുടെ സമ്മർദ്ദമെന്നും സിപിഎം നേതാവ് പറഞ്ഞു. കൂടാതെ സതീഷ് കുമാറുമായി 30 വർഷത്തെ സൗഹൃദ ബന്ധമാണുള്ളതെന്നും ഒരു രൂപയുടെ സാമ്പത്തിക ഇടപാട് പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും താൻ ഹാജരാകുമെന്നും എം കെ കണ്ണൻ പറഞ്ഞു.
കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറിന്റെ പല ബിനാമി ഇടപാടുകളും തൃശൂർ കോപ്പറേറ്റീവ് ബാങ്ക് വഴിയാണ് നടത്തിയിട്ടുള്ളതെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഇതിന്റെ രേഖകൾ കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടുന്നതിനാണ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്തത്. കൂടാതെ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിന്റെ അദ്ധ്യക്ഷനെ കൂടി ചോദ്യം ചെയ്യണമെന്നും ഇ ഡി പറയുന്നു. ഈ രണ്ട് ചോദ്യം ചെയ്യലും പൂർത്തിയാകുന്ന മുറയ്‌ക്കായിരിക്കും എ സി മൊയ്‌തീൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമാകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |