SignIn
Kerala Kaumudi Online
Wednesday, 29 November 2023 11.24 AM IST

ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ; ജീവിതംകൊണ്ടും അനന്തരഗാമി

photo

ശ്രീനാരായണ ഗുരുദേവൻ നിർവഹിച്ച ധർമ്മസംസ്ഥാപനത്തിൽ മഹാസൈന്യാധിപനായിരുന്നു ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ. മഹാഗുരുവിന്റെ മഹാപരിനിർവാണം കഴിഞ്ഞ് നാലാമത്തെ ദിനമാകുന്നതിനു മുൻപ് കന്നി 9ന് വെളുപ്പിന് 3.30ന് ഗുരുദേവനെ അനുപദം അനുവർത്തിച്ച് മഹാസമാധി പ്രാപിച്ച പുണ്യപുരുഷൻ, അതും 46-ാം വയസിൽ. ഗുരുദേവൻ സ്വാമികളെ അനന്തരഗാമിയായി നിശ്ചയിച്ചപ്പോൾ ദീർഘദർശിയായ ആ മഹാത്മാവ് പറഞ്ഞു: ''ഇല്ല,​ സ്വാമി തൃപ്പാദങ്ങൾ ശരീരം വെടിഞ്ഞു കഴിയുമ്പോൾ ഞാനും ആ മാർഗത്തെത്തന്നെ അനുഗമിക്കും." ഇപ്രകാരം സ്ഥാനംകൊണ്ടും ജീവിതചര്യകൊണ്ടും ശ്രീനാരായണഗുരു തൃപ്പാദങ്ങൾക്ക് അനുയോജ്യനായിരുന്ന ശിഷ്യോത്തമനായിരുന്നു ബോധാനന്ദ സ്വാമികൾ.

സ്വാമി തൃപ്പാദങ്ങൾ അവിടുത്തെ അനന്തരഗാമിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ ആശ്രമമെന്ന

കൃതിയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആശ്രമത്തിൽ വിദ്വാനായും മുനിയായും ഉദാരചിത്തനായും സമദൃഷ്ടിയായും ശാന്തഗംഭീര ആശയനായും പരോപകാരിയായും ദീനവാനായും സത്യവാക്കായും സമർത്ഥനായും സദാചാരനിഷ്ഠനായും കർത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനായും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നവനായും മടിയില്ലാത്തവനുമായ ഒരു ഗുരു ഉണ്ടായിരിക്കണം എന്ന തൃപ്പാദസങ്കല്പം പൂർണമായും നിറഞ്ഞു പ്രകാശിച്ചിരുന്ന സ്വരൂപമായിരുന്നു സ്വാമികളുടേത്. ''മൂന്നുദിവസം കഴിയുമ്പോൾ മഹാസമാധി സംഭവിക്കും" എന്ന ത്രികാല ജ്ഞാനമുണ്ടായിരുന്നിട്ടും ഗുരുദേവൻ ദിവ്യശ്രീ ബോധാനന്ദസ്വാമികളെ തന്നെ അനന്തരഗാമിയായി അഭിഷേകം ചെയ്തു. ആ പാവനമായ ജീവിതചര്യയെക്കുറിച്ച് അല്പമാത്രമായെങ്കിലും അറിയുമ്പോൾ ഏതൊരു ഗുരുഭക്തനും സ്വാമികൾ കുറേക്കാലം കൂടി ജീവിച്ചില്ലല്ലോ എന്ന് പരിതപിക്കാതിരിക്കില്ല.

തൃശൂരിലെ ചിറയ്‌ക്കലിൽ സാമാന്യം സാമ്പത്തികശേഷിയുണ്ടായിരുന്ന ഈഴവൻ പറമ്പ് തറവാട്ടിൽ ജനിച്ച (1882 ജനുവരി 28) വേലായുധൻ സർവസംഗ പരിത്യാഗിയായി 18-ാം വയസിൽ വടക്ക് ഹിമാലയത്തിലെത്തി തപം ചെയ്തു: സാക്ഷാൽ സ്വാമി തൃപ്പാദങ്ങൾ തെക്കേയറ്റത്തുള്ള മരുത്വാമലയിൽ തപം ചെയ്‌തപോലെ. തപസ്സിന് ഗുരുവിനു കൂട്ടുകാർ പാമ്പും പുലിയും ആയിരുന്നെങ്കിൽ ശിഷ്യന്റെ കൂട്ടുകാർ ഹിമക്കരടികളായിരുന്നു. തപം ചെയ്ത് സിദ്ധാർത്ഥൻ ശ്രീബുദ്ധനായതു പോലെ വേലുക്കുട്ടി ബോധമുണർന്ന് ബോധാനന്ദനായി.

24-ാം വയസിൽ മഹാസന്യാസിയായി തൃശൂരിലെത്തിയ സ്വാമികൾ അവധൂതമഠം സ്ഥാപിച്ചു. 190 - 08 വർഷങ്ങളിലായി ഒരുവർഷം നീണ്ടുനിന്ന പന്തിഭോജനം സ്വാമികൾ സംഘടിപ്പിച്ചു. സാക്ഷാൽ സഹോദരൻ അയ്യപ്പൻ ചെറായിയിൽ പന്തിഭോജനം നടത്തുന്നതിനും പത്തു വർഷം മുമ്പായിരുന്നു ഇതെന്നോർക്കണം. ജാതിഭേദം, അന്ധവിശ്വാസം, അനാചാരം എന്നിവ ദുരീകരിക്കുവാൻ യുവാക്കളെ സംഘടിപ്പിച്ച് ഒരു ധർമ്മഭട സംഘം സ്ഥാപിച്ചു. സ്വാമികൾ ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച് ഉശിരുള്ള ചെറുപ്പക്കാരെ സംഘടിപ്പിച്ച് എല്ലാ കായികമുറകളും പരിശീലിപ്പിച്ച് അവരെ രഹസ്യ സങ്കേതത്തിലിരുത്തി ഏഴു തിരിയിട്ട് കത്തിച്ച നിലവിളക്ക് സാക്ഷിയാക്കി കൈയിൽ മിന്നിത്തിളങ്ങുന്ന കത്തിയോടുകൂടി പ്രതിജ്ഞയെടുപ്പിക്കും. എനിക്കു മീതെ ഒരു ജാതിയില്ല,​ എനിക്കു കീഴെ ഒരു ജാതിയില്ല. മനുഷ്യരെല്ലാം സമന്മാരാണ്. ജാതിഭൂതത്തെ ഇല്ലായ്‌മ ചെയ്യാൻ ഞാനിതാ എന്റെ ജീവനെ ബലിയർപ്പിക്കുന്നു. ഇത് സത്യം സത്യം സത്യം.... എന്നു പറഞ്ഞ് കഠാര ഭൂമിയിൽ കുത്തിത്താഴ്‌ത്തും. ജാതിഭേദത്തെ ഇല്ലാതാക്കാൻ ഇത്ര സുശക്തമായി പ്രവർത്തിച്ച മറ്റൊരു ആത്മീയ വിപ്ളവപ്രസ്ഥാനം അതിനു മുൻപോ ശേഷമോ ഭാരതം ദർശിച്ചിട്ടുണ്ടാവില്ല. കൊച്ചി,​ മലബാർ പ്രദേശങ്ങളിൽ സഞ്ചാര സ്വാതന്ത്ര്യ‌വും അവകാശവും അഭിമാനബോധവും ഉണർത്തി ബോധാനന്ദ സ്വാമികളുടെ വിപ്ളവപ്രസ്ഥാനം സൃഷ്ടിച്ച പരിവർത്തനം വാഗതീതമാണ്.

ഒരു ഡസനിലധികം സന്യാസി ശിഷ്യരും പതിനായിരക്കണക്കിന് അനുയായികളുമുണ്ടായിരുന്ന ബോധാനന്ദ പ്രസ്ഥാനം 1912 മേയ് ഒന്നിന് ശാരദാമഠത്തിൽ ലയിച്ചു. തുടർന്ന് ഗുരുദേവന്റെ പ്രതിപുരുഷനായും തൃപ്പാദങ്ങളുടെ അനുചരനായും കേരളത്തിൽ വ്യാപകമായും തമിഴ്‌‌നാട്, കർണാടക, സിലോൺ (ശ്രീലങ്ക) എന്നിവിടങ്ങളിലുമായി സ്വാമികൾ സഞ്ചരിച്ച് ഗുരുദേവധർമ്മ പ്രചാരണത്തിൽ മുഴുകി. പഴയ കൊച്ചിരാജ്യത്ത് ഇന്നു കാണുന്ന കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, ഇരിങ്ങാലക്കുട വിശ്വനാഥ ക്ഷേത്രം, വാടാനപ്പള്ളി ഗണേശമംഗലം ക്ഷേത്രം, കുറിച്ചിക്കര ശ്രീനാരായണ സേവാശ്രമം, കൊടുങ്ങല്ലൂർ ആല ശങ്കരനാരായണ ക്ഷേത്രം, കാഞ്ഞാണി ശ്രീനാരായണ ഗുപ്തസമാജം, ശ്രീനാരായണ ഭക്തപരിപാലന യോഗം തുടങ്ങി നിരവധി ഗുരുദേവ പ്രസ്ഥാനങ്ങൾ സ്വാമികൾ സ്ഥാപിച്ചു. പത്തുലക്ഷം രൂപ (ഇന്നത്തെ എത്ര കോടികൾ) സമാഹരിച്ച് കൊച്ചിൻ നാഷണൽ ബാങ്ക് സ്ഥാപിച്ചു. ഈ ബാങ്കിന്റെ സഹായത്താലാണ് കൊച്ചി പ്രദേശത്ത് അന്നും ഇന്നും കൂടുതൽ ധനവാന്മാർ ശ്രീനാരായണ പ്രസ്ഥാനത്തിൽ ഉയർന്നു വന്നതെന്ന കാര്യം മറക്കാനാവില്ല.

രാജ്യത്തിന്റെ പലഭാഗത്തും ശ്രീനാരായണഗുരുകുല യോഗങ്ങൾ സ്ഥാപിച്ച ബോധാനന്ദ സ്വാമികളാണ് പി. നടരാജന് - നടരാജഗുരുവിന് ശ്രീനാരായണ ഗുരുകുലങ്ങൾ സ്ഥാപിക്കാൻ തുണയായത്. ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള വിഷയങ്ങളെ ആധാരമാക്കി ഗുരുദേവൻ നൽകിയ ഉപദേശങ്ങളെ ബോധാനന്ദ സ്വാമികൾ സമാഹരിച്ച് ശ്രീനാരായണ സ്‌മൃതി എന്ന ഗ്രന്ഥം രൂപപ്പെടുത്തുകയും സ്വാമികൾ തന്നെ വ്യാഖ്യാനമെഴുതി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 1926ൽ ബോധാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിലാണ് എസ്.എൻ.ഡി.പി യോഗവാർഷികം നടന്നത്. സ്വാമികളെ യോഗത്തിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വാർഷികയോഗം ഗുരുവിന്റെ മഹാസമാധിക്കു ശേഷം യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷനായി നിശ്ചയിച്ചിരുന്നു.

എന്നാൽ ചില കുബുദ്ധികളുടെ കുത്സിത ശ്രമങ്ങളാൽ ഈ തീരുമാനത്തിനു മാറ്റം വന്നു. ഗുരുദേവന്റെ രണ്ടാം സിലോൺ യാത്രയ്ക്കുള്ള കാരണം യഥാർത്ഥത്തിൽ ഈ സംഭവമാണ്. 1928 ജനുവരി ഒൻപതിന് ശ്രീനാരായണ ധർമ്മസംഘം എന്ന സന്യാസിസംഘം സ്ഥാപിതമായി. ബോധാനന്ദസ്വാമികൾ ( പ്രസിഡന്റ് ), പരമേശ്വര മേനോൻ (സ്വാമി ധർമ്മതീർത്ഥർ - സെക്രട്ടറി), ഗോവിന്ദാനന്ദ സ്വാമികൾ (ഖജാൻജി) എന്നിവരായിരുന്നു ഭാരവാഹികൾ. ശ്രീനാരായണ ഗുരുദേവന്റെ ആത്മീയപ്രസ്ഥാനം ഇന്നും സജീവമായി നിലകൊള്ളുന്നത് ശിവഗിരിമഠം കേന്ദ്രീകരിച്ചുള്ള ശ്രീനാരായണ ധർമ്മസംഘത്തിലൂടെയാണല്ലോ.

ആത്മീയാചാര്യൻ, അതുല്യനായ വിപ്ളവകാരി, കവി, ദാർശനികൻ, ചിന്തകൻ, വാഗ്‌മി, സംഘാടകൻ, ദീനദയാലു, നവീനപ്രസ്ഥാനങ്ങളുടെ സ്ഥാപകൻ എന്നീ നിലകളിൽ യുവജനങ്ങളുടെ എന്നത്തേയും ആവേശമാണ് ദിവ്യശ്രീ ബോധാന്ദസ്വാമികൾ. ചിങ്ങം ഒന്നിന് ആരംഭിച്ച ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവും സ്വാമികളുടെ മഹാസമാധി ദിനത്തിൽ പര്യവസാനിക്കുകയാണ്. ശിവഗിരിയിലും പല പ്രദേശങ്ങളിലുമായി ബോധാനന്ദ സ്‌മൃതി സമ്മേളനങ്ങൾ നടക്കുന്നു. ആ മഹാത്മാവിന്റെ തൃപ്പാദങ്ങളിൽ നമുക്കും നമസ്‌കരിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BODHANANDA SWAMIKAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.