SignIn
Kerala Kaumudi Online
Wednesday, 29 November 2023 10.21 AM IST

നെൽസംഭരണം: ഇവരുടെ ശ്വാസവും ജപ്തി ചെയ്യുമോ?​

photo

നെല്ലിന്റെ സംഭരണവില വൈകിയതുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയുടെ പ്രതികരണവും അമ്പലപ്പുഴയിൽ രാജപ്പനെന്ന കർഷകന്റെ ആത്മഹത്യയും സജീവ ചർച്ചയാണ്. മൂന്നേക്കർ ഭൂമിയിൽ പുഞ്ചക്കൃഷി ചെയ്ത രാജപ്പൻ ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ നെല്ലു കൊടുത്തപ്പോൾ കിട്ടിയത് 28,043 രൂപ! ക്യാൻസർ ബാധിതനായി ശസ്ത്രക്രിയയിലൂടെ നാവ് നീക്കേണ്ടിവന്ന മകൻ പ്രകാശന് ഒരേക്കറിലെ നെല്ലിന് 15,396 രൂപയും! നിത്യവൃത്തിക്കും മകന്റെ ചികിത്സയ്‌ക്കും നിവൃത്തിയില്ലാതെ, ആത്മാഭിമാനിയായ രാജപ്പൻ കീടനാശിനി കഴിച്ച് ജീവിതം അവസാനിപ്പിച്ചു.

കർഷകരുടെ രക്ഷയ്ക്കായി സർക്കാർ ആവിഷ്കരിച്ച നെല്ല് സംഭരണവും വിതരണവും എവിടെയാണ് പിഴച്ചത്? ആരാണ് ഉത്തരവാദി?

നെല്ല് സംഭരണ

പദ്ധതി എന്ത്?​

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹകരണ പദ്ധതിയാണ് വികേന്ദ്രീകൃത ധാന്യ സംഭരണം. പൊതുവിപണിയിൽ അരിയുടെയും ഗോതമ്പിന്റെയും വിലതാഴ്ത്തി ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യാതിരിക്കാനാണ് താങ്ങുവില അഥവാ മിനിമം സപ്പോർട്ട് പ്രൈസ് ആവിഷ്കരിച്ചത്. കേരളമൊഴികെ ഒരു സംസ്ഥാനത്തും നെല്ല് പൂർണമായി സർക്കാർ സംഭരിക്കുന്നില്ല. കേന്ദ്രത്തിന്റെ താങ്ങുവിലയായ 20.40 രൂപയ്ക്കൊപ്പം പ്രോത്സാഹന ബോണസ് ആയി 7.80 രൂപ സംസ്ഥാനം കൂടി നൽകി 28.20 രൂപയ്ക്കാണ് സംഭരണം.
സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്യും. സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതമായി അനുവദിക്കുന്ന ഭക്ഷ്യധാന്യത്തിൽ ഇതു കിഴിച്ചുള്ള ഭാഗമാണ് എഫ്.സി.ഐയിൽ നിന്ന് റേഷൻകടകളിലെത്തുന്നത്. സംഭരിച്ച നെല്ല് അരിയാക്കി റേഷൻകട വഴി വിതരണം ചെയ്തശേഷം മാത്രമേ താങ്ങുവിലയ്ക്കുള്ള ക്ലെയിം കേന്ദ്രത്തിന് സമർപ്പിക്കാനാകൂ. നെല്ലെടുത്ത് ആറുമാസം വരെ കഴിഞ്ഞാണ് പലപ്പോഴും കർഷകർക്ക് പണം കിട്ടുക.

നോഡൽ ഏജൻസി

ആയി സപ്ളൈകോ

കർഷകരിൽ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷൻകടകളിലെത്തിക്കാൻ സപ്ലൈകോയെയാണ് കേരള സർക്കാർ നോഡൽ ഏജൻസിയാക്കിയത്. സർക്കാരിൽ നിന്ന് സംഭരണവില കിട്ടാനുള്ള കാലതാമസം കർഷകർക്കുണ്ടാക്കുന്ന പ്രയാസം മറികടക്കാനാണ് സപ്ലൈകോ ബാങ്കുകളുമായി ചേർന്ന് പി.ആർ.എസ് വായ്പാപദ്ധതി നടപ്പിലാക്കിയത്. നെല്ല് അളക്കുമ്പോൾ കർഷകനു നൽകുന്ന പാഡി റെസീറ്റ് ഷീറ്റ് (പി.ആർ.എസ്) ഈടായി സ്വീകരിച്ചാണ് വായ്പ നല്‍കുന്നത്. നെല്ലു സംഭരിച്ചാലുടൻ വില ലഭ്യമാക്കാമെന്നതായിരുന്നു ഇതിന്റെ നേട്ടം. വായ്പാത്തുക സപ്ലൈകോ പലിശ സഹിതം അടയ്ക്കുന്നതായിരുന്നു രീതി.

പ്രതിസന്ധിക്ക്

കാരണങ്ങൾ

നെല്ല് അരിയാക്കി വിതരണം ചെയ്തതിന്റെ കണക്കുകൾ കേന്ദ്രസർക്കാരിനു കൈമാറുന്നതിലെ കാലതാമസം കേന്ദ്രവിഹിതം വൈകിച്ചതും വായ്പാ പദ്ധതിയ്ക്ക് ദേശസാൽകൃത ബാങ്കുകളുടെ കൺസോർഷ്യത്തെ മാത്രമായി നിയോഗിച്ചതുമാണ് കർഷകരെ കണ്ണീരിലാക്കിയത്. പ്രാഥമിക സഹകരണസംഘങ്ങളിലും ചെറുകിട ബാങ്കുകളിലുമാണ് കർഷകരിൽ മിക്കവർക്കും ബാങ്ക് അക്കൗണ്ട്. ഇത്തരം സംഘങ്ങൾക്ക് പി.ആർ.എസ് വായ്പാപദ്ധതി അന്യമായതോടെ കർഷർക്ക് ദേശസാൽകൃത ബാങ്കുകളിൽ പുതിയ അക്കൗണ്ട് തുടങ്ങേണ്ടിവന്നു. കടത്തിൽപ്പെട്ട് നിസഹായരായ കർഷകരിൽ പലരും മിനിമം ബാലൻസിനുള്ള പണം പോലും കണ്ടെത്താനാകാതെ നക്ഷത്രമെണ്ണി. പി.ആർ.എസ് നടപ്പിലായി ആഴ്ചകൾക്കു ശേഷമാണ് പല‌ർക്കും അക്കൗണ്ടെടുക്കാൻ പോലുമായത്. പണം ലഭിക്കാതായതോടെ സപ്ലൈകോയ്ക്ക് ബാങ്കുകളിലെ കാർഷിക വായ്പകൾ യഥാസമയം അടയ്‌ക്കാനുമായില്ല. ഇത് കർഷകരുടെ സിബിൽ സ്കോറിനെ ബാധിച്ചു.

താങ്ങുവില ഇനത്തിൽ കേന്ദ്രം കേരളത്തിനു നൽകാനുള്ള 637.7 കോടി കുടിശിക ലഭിച്ചിരുന്നെങ്കിൽ കർഷകർക്കുള്ള പണത്തിായി സർക്കാരിന് ബാങ്കുകളെ ആശ്രയിക്കേണ്ടതില്ലായിരുന്നു. കുടിശികയ്ക്കായി നിരവധിതവണ കേരളം കത്തയയ്ക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. പ്രതിഷേധം ശക്തമായതോടെ സർക്കാർ അനുവദിച്ച 180 കോടിയിൽ നിന്ന് 50,000 രൂപ വരെ കിട്ടാനുള്ള ചെറുകിടകർഷകരുടെ മുഴുവൻ തുകയും ശേഷിച്ച കർ‌ഷകർക്കു കിട്ടാനുള്ള തുകയുടെ 28 ശതമാനവും ഓണത്തിനു മുൻപേ ക്രെഡിറ്റ് ചെയ്തെങ്കിലും ഫലപ്രദമായില്ല. ശേഷിച്ച തുക ഓണത്തിനു മുൻപ് വായ്പയായി നല്‍കാൻ എസ്.ബി.ഐ, കാനറാ ബാങ്കുകളുമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും എസ്ബി.ഐയുടെ നിസഹകരണം പാരയായി. കാനറാ ബാങ്ക് നാലായിരത്തോളം കർഷകർക്കായി 38.32 കോടി വിതരണം ചെയ്തപ്പോൾ നൂറിൽ താഴെ കർഷകർക്കായി കേവലം 42 ലക്ഷമാണ് എസ്.ബി.ഐ ഓണത്തിനു മുമ്പ് വിതരണം ചെയ്തത്.

....................................................

കാണാതിരിക്കരുത്,​

ഈ കഷ്ടപ്പാട്

ഉത്പാദനച്ചെലവിലെ വർദ്ധനയും ഉത്പാദനമാന്ദ്യവും തട്ടിച്ചുനോക്കുമ്പോൾ കൃഷി ലാഭകരമല്ല. മടകുത്തിയതിന്റെ പണം രണ്ടുവർഷമായി സർക്കാർ നല്‍കിയിട്ടില്ലെന്ന് മങ്കൊമ്പിലെ കർഷകൻ ജോണിച്ചൻ പറഞ്ഞു.

ഒരേക്കറിന് 800 രൂപയ്ക്ക് ട്രാക്ടർ അടിച്ചിരുന്നത് ഡീസൽ വില വർദ്ധിച്ചതിനാൽ 1200 രൂപയായി. 800 രൂപയ്ക്ക് ഒരേക്കർ വിതച്ചിടത്ത് ആയിരം രൂപ വേണം. വരമ്പു വെട്ടാൻ വരുന്ന രണ്ടുമൂന്നു പേർക്ക് കൂലിത്തുകയായി 3300 രൂപ . ഒരേക്കറിൽ കളനാശിനി അടിക്കാനുള്ള 800 രൂപ വർദ്ധിച്ച് ആയിരമായി. വളമിടുന്നതിനും ആയിരം രൂപ. പറിച്ചുനടീലിന് സ്ത്രീത്തൊഴിലാളിക്കുള്ള 450 രൂപ 600 ആയി. ഒരേക്കർ പറിച്ചുനടാൻ അഞ്ചു തൊഴിലാളികൾ വേണം.

രണ്ടാം വളമിടാൻ കൂലി ആയിരം രൂപ. അമ്പതു കിലോ പൊട്ടാഷിന് വില അറുന്നൂറിൽ നിന്ന് 1700 ആയി. ഒരേക്കറിന് 20 കിലോ പൊട്ടാഷ് ഇടണം. മൂന്നാം വളമിടീലിനും ഇത്ര തന്നെ ചെലവ്. നിലമൊരുക്കും മുമ്പുള്ള കളനാശിനിക്ക് 250- ൽ നിന്ന് ആയിരമായി. കൊയ്യാൻ നെല്ല് ചായ്ക്കുന്നതിന് ഒരേക്കറിൽ മൂന്നുപേരെങ്കിലും വേണം. ചാലെടുത്ത് വെള്ളം കളയണം. ഒരേക്കർ കൊയ്യാൻ 2050 രൂപ. ഒരു ക്വിന്റൽ നെല്ല് ചാക്കുകളിലാക്കാൻ 40 രൂപ. ചുമന്ന് വള്ളത്തിൽ കയറ്റാൻ 85 രൂപയായിരുന്നത് 115 രൂപയായി. ലോറി കിടക്കുന്ന സ്ഥലത്തെത്തിക്കാൻ ക്വിന്റലിന് 45 രൂപ. ലോറിയിൽ കയറ്റാൻ 40. ഒരേക്കറിൽ 22 ക്വിന്റലെങ്കിലും ലഭിച്ചാലേ ലാഭമുള്ളൂ.

കുട്ടനാട്ടിൽ പാട്ടക്കൃഷിയാണ് അധികവും. ഒരേക്കറിന് 20,000 മുതൽ 30,​000 വരെയാണ് പാട്ടത്തുക. 40,000 രൂപയ്ക്കടുത്ത് വീണ്ടും മുടക്കിയാലേ കൃഷി നടക്കൂ. ചെലവ് ഏറ്റവും കുറച്ചാലും ഒരേക്കറിൽ നിന്ന് കർഷകന് എന്തെങ്കിലും കിട്ടണമെങ്കിൽ 52,000 രൂപയുടെ നെല്ലെങ്കിലും കിട്ടണം. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് നടപ്പാക്കാത്തതിനാൽ വിളനഷ്ടത്തിന് ഇൻഷുറൻസ് ഇല്ല. പ്രകൃതിദുരന്തങ്ങൾക്കു മാത്രമാണ്പരിരക്ഷ. വിത്തിന്റെ ആനുകൂല്യം വെട്ടിച്ചുരുക്കി. മടവീണിട്ട് അഞ്ചുവർഷമായ പാടങ്ങൾക്കു പോലും പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടിയിട്ടില്ല.

...............................................

സംഭരണക്കണക്ക്

(2023 ഫെബ്രു. മുതൽ മേയ് വരെ)​

ആകെ സംഭരിച്ച നെല്ല്: 7.31 ലക്ഷം ടൺ​

നെല്ല് നൽകിയ കർഷകർ: 2.49 ലക്ഷം

വിലയായി നൽകേണ്ടത്: 2070.71 കോടി

ബാങ്ക് വായ്പ: 2025.71 കോടി

ബാക്കി നൽകാനുള്ളത്: 45 കോടി

കിട്ടാനുള്ളത്: 5000 കർഷകർ

...................................................................

അടുത്തവർഷം മുതൽ കേരള ബാങ്കിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പി.ആർ.എസ് ലോണുകൾ ലഭ്യമാക്കാനുള്ള നടപടി ആലോചിക്കുകയാണ്. ക‌ർഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്രത്തിലെ താങ്ങുവില കുടിശിക ലഭ്യമായാലേ കർഷകർക്ക് അനുവദിച്ചിട്ടുള്ള പി.ആർ.എസ് വായ്പകൾ ഒടുക്കാനും പ്രതിസന്ധിക്ക് പരിഹാരം കാണാനുമാകൂ.

- ഭക്ഷ്യ,​ സിവിൽ സപ്ളൈസ് മന്ത്രിയുടെ ഓഫീസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADDY PROCUREMENT PRICE IN KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.