കോഴിക്കോട് : നിപ ഭീതി അകന്നതോടെ അടഞ്ഞുപോയ വിദ്യാലയങ്ങൾ ഇന്നലെ വീണ്ടും തുറന്നു. പത്ത് ദിവസത്തെ അടച്ചിടലിനു ശേഷമാണ് ജില്ലയിലെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയത്. ദിവസങ്ങൾ നീണ്ട ഇളവേളയ്ക്കുശേഷം വിദ്യാലയങ്ങളിലെത്തിയ കുട്ടികൾ വലിയ സന്തോഷത്തിലായിരുന്നു. സുരക്ഷാ നിർദ്ദേശങ്ങൾ തെറ്റിക്കാതെ മാസ്കിട്ട് കൈകൾ സാനിറ്റൈസ് ചെയ്താണ് കുട്ടികൾ ക്ലാസ് മുറികളിലെത്തിയത്. കൊവിഡ് കാലത്തെ പൊള്ളുന്ന അനുഭവങ്ങൾ ഉള്ളതിനാൽ ക്ലാസ് മുറിയിലും പുറത്തും കൂടിചേരലിൽ പോലും കുട്ടികൾ കരുതലിന്റെ അകലം പാലിച്ചു. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകളാണ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്. ഒരാഴ്ചയിലേറെയായി പുതിയ നിപ കേസുകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് സ്കൂളുകളും കോളേജുകളും തുറക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്. പല വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിന്റെ പ്രതീതിയായിരുന്നു. കടുത്ത ജാഗ്രത പാലിക്കാൻ അദ്ധ്യാപകരും സ്കൂൾ അധികൃതരും കുട്ടികൾക്ക് നിർദ്ദേശം നൽകി. മാസ്കുകൾ ധരിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയശേഷമാണ് അദ്ധ്യാപകർ കുട്ടികളെ ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാൻ സീറ്റുകളും ക്രമീകരിച്ചിരുന്നു. ക്ലാസുകളിലും സ്കൂൾ കവാടങ്ങളിലും സാനിറ്റൈസറുകളും ഒരുക്കിയിരുന്നു. കുടിവെള്ള സംവിധാനം സ്കൂളുകളിൽ ഉണ്ടെങ്കിലും ആവശ്യമായ വെള്ളം കുട്ടികൾ തന്നെ കൊണ്ട് വരണമെന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളുകളിൽ നിന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കൊണ്ടുവരുന്ന ഭക്ഷണം പങ്ക് വെക്കരുതെന്ന നിർദേശവുമുണ്ടായിരുന്നു. കൊവിഡ് കാലത്തെ സാമൂഹിക അകലം പാലിച്ചുള്ള പഠനാനുഭവങ്ങൾ ഉള്ളതിനാൽ കുട്ടികൾ ക്ലാസ് മുറിയിൽ സന്തോഷത്തിലായിരുന്നു. അതേസമയം
കണ്ടെയ്ൻമെന്റ് സോണായി തുടരുന്ന പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠനം ഓൺലൈനിൽ തന്നെ തുടരും. ഓൺലൈൻ പഠനത്തിന് എത്താൻ കഴിയാത്ത കുട്ടികൾക്ക് പഠന സംബന്ധമായ നോട്ടുകളും മറ്റും സ്കൂളുകൾ ഓൺലൈനിൽ ലഭ്യമാക്കും.
@ ജില്ലയിൽ നിയന്ത്രണം തുടരും
പത്തു ദിവസമായി ജില്ലയിൽ പുതിയ നിപ കേസുകൾ ഇല്ലെങ്കിലും നിയന്ത്രണം അടുത്തമാസം ഒന്ന് വരെ തുടരാൻ വിദഗ്ദ്ധ സമിതിയുടെ യോഗത്തിൽ തിരുമാനമായി. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. അത്യാവശ്യമല്ലാത്ത എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാനും നിർദ്ദേശമുണ്ട്.
ആളുകൾ കൂട്ടമായി എത്താൻ സാദ്ധ്യതയുള്ള പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടങ്ങൾക്ക്
നിയന്ത്രണമുണ്ട്. ആശുപത്രികളിൽ കൂട്ടിരിപ്പിന് ഒരാൾ മാത്രം. സന്ദർശകരെ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |