കോഴിക്കോട് : മതിയായ രേഖകൾ സമർപ്പിച്ചില്ലെന്ന കാരണം പറഞ്ഞ് നൽകിയ കുടിവെള്ള കണക്ഷൻ ഉപയോഗിക്കരുതെന്ന് ദളിത് കുടുംബത്തിന് നിർദ്ദേശം നൽകിയ വാട്ടർ അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ. ഇക്കാര്യം അന്വേഷിച്ച് മലാപറമ്പ് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. കോഴിക്കോട് കോർപ്പറേഷൻ ഇരുപത്തിനാലാം വാർഡിലെ കുടുംബത്തിനാണ് ഇങ്ങനെയൊരു ദുരിതം. പട്ടികജാതിയിൽപ്പെട്ട കുടുംബം ഏഴുവർഷം മുമ്പ് മരിച്ച മാതാവിന്റെ പേരിലുള്ള ഒന്നരസെന്റ് സ്ഥലത്താണ് താമസം. നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമാണ് ഇവർക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചത്. ഇവർക്ക് സ്വന്തമായി കിണറില്ല. വീടിന് സമീപമുള്ള പൊതുടാപ്പിൽ നിന്നാണ് വെള്ളമെടുക്കുന്നത്. പദ്ധതി പ്രകാരം എല്ലാവർക്കും കുടിവെള്ള കണക്ഷൻ ലഭിച്ചതിനാൽ പൊതുടാപ്പ് വിച്ഛേദിക്കപ്പെട്ടു. പൈപ്പ് കണക്ഷന് വേണ്ടി സമർപ്പിച്ച അപേക്ഷയിൽ സഹോദരങ്ങളുടെ സമ്മതപത്രമില്ലെന്ന് പറഞ്ഞാണ് വെള്ളം ഉപയോഗിക്കുന്നതിൽ നിന്ന് കുടുംബത്തെ വിലക്കിയത്. സഹോദരങ്ങൾ ജില്ലയ്ക്ക് പുറത്താണ് താമസം. ഇവരിൽ നിന്ന് സമ്മതപത്രം നേടുക എളുപ്പമല്ല. റസിഡൻസ് അസോസിയേഷൻ നൽകുന്ന വെള്ളമാണ് ഇവർക്ക് ഇപ്പോൾ ആശ്രയം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒക്ടോബറിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഈ മാസം 29 ന് രാവിലെ 10.30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് നിപ്പ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ റദ്ദാക്കി. അടുത്ത സിറ്റിംഗ് ഒക്ടോബർ 31ന് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |