തൃക്കാക്കര: കാക്കനാട് തുതിയൂരിൽ കണ്ടെയ്നർ ലോറി റോഡിൽ തിരിച്ചതിനെ ചൊല്ലി നടന്ന തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർ അറസ്റ്റിലായി . 17 പേർക്കെതിരെ കേസ് എടുത്തു. കഴിഞ്ഞ 18-ാം തീയതി രാത്രിയിൽ തുതിയൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം സനീഷും കിരണും കൂടി മിനി കണ്ടെയ്നർ വാഹനം റോഡിലിട്ട് തിരിക്കാൻ ശ്രമിച്ചപ്പോൾ അത് വഴി ബൈക്കിലെത്തിയ തുതിയൂർ ആനമുക്ക് ഭാഗത്തുള്ള സനൽ, പ്രണവ് എന്നിവർ തടസം പറയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് ഞായർ രാത്രി 10.30 ന് കിരണും കൂട്ടുകാരനായ രാകേഷും ബൈക്കിൽ പോകുമ്പോൾ ആനമുക്ക് ഭാഗത്തുവച്ച് സനൽ, കോമിൻ, പ്രണവ് എന്നിവരുടെ നേതൃത്വത്തിൽ എട്ടോളം പേർ തടഞ്ഞുവച്ച് മർദ്ദിച്ചു.കമ്പിവടി കൊണ്ട് കിരണിനെ അടിക്കുകയും, മനുവിനെ ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർന്ന് പുലരി ക്ലബ്ബ് ഭാഗത്തുള്ള രഞ്ചന്റെ നേതൃത്വത്തിൽ എട്ടോളം പേർ ചേർന്ന് ആനമുക്ക് ഭാഗത്തെത്തി സനലിനെ ആക്രമിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ചവരെ കത്തി, കമ്പിവടി എന്നിവകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇരുവിഭാഗക്കാർ തമ്മിൽ നടന്ന രൂക്ഷമായ ആക്രമണങ്ങളിലും വാക്കേറ്റത്തിലും സ്ഥലത്ത് വൻ സംഘർഷാവസ്ഥയായിരുന്നു. തൃക്കാക്കര എസ്.എച്ച് ഒ. ആർ ഷാബുവിന്റെ നേതൃത്വത്തിൽ തൃക്കാക്കര പൊലീസ് സ്ഥലത്തെത്തിയതിനെ തുടർന്നാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. നിരൻ, രാകേഷ് എന്നിവർക്കും പുലരി ക്ലബ്ബ് ഭാഗത്തുള്ള കിരൺ, രാകേഷ്, മനു എന്നിവർക്കുമാണ് പരിക്കേറ്റത്. മനു, കിരൺ , നിഖിൽ, അശ്വന്ത് , നിരൺ ,സനൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർമാരായ മാരായ ജസ്റ്റിൻ , മണി, ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |