നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) വികസനകുതിപ്പിന് വഴിയൊരുക്കി ഏഴ് വൻകിട പദ്ധതികൾ ഒക്ടോർബർ രണ്ടിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യാത്രക്കാരുടെ എണ്ണത്തിലും കാർഗോയിലും ഉണ്ടാകുന്ന വളർച്ചയ്ക്ക് അനുസൃതമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികളാണിവ. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവത്കരണം എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലും നടക്കും. മന്ത്രി അഡ്വ. പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും.
കോവിഡാനന്തരം ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നിരവധി സംരംഭങ്ങൾ വിജയകരമാക്കി. പയ്യന്നൂരിലെ സൗരോർജ്ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിലെ ജലവൈദ്യുത പദ്ധതിയും ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ആയ ബിസിനസ് ജെറ്റ് ടെർമിനലും ഈ കാലയളവിൽ സിയാൽ കമ്മീഷൻ ചെയ്ത സംരംഭങ്ങളാണ്.
പുതിയ പദ്ധതികളെല്ലാം സിയാലിന്റെ വികസനയാത്രയിലെ പുതുയുഗത്തെ സൂചിപ്പിക്കുന്നതാണെന്ന് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. 'നാളെയിലേയ്ക്ക് പറക്കുന്നു' എന്ന ആശയത്തെ സ്വാർത്ഥകമാക്കുന്ന ഏഴ് മെഗാ പ്രോജക്ടുകൾ നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് മെഗാ പദ്ധതികൾ
രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ
ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം
0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടൽ
ഡിജിയാത്ര ഇബോർഡിംഗ് സോഫ്റ്റ‌്‌വെയർ ഉദ്ഘാടനം
അടിയന്തര രക്ഷാസംവിധാനം ആധുനികവത്കരണം ഉദ്ഘാടനം
ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ
ഗോൾഫ് റിസോർട്‌സ് ആൻഡ് സ്‌പോർട്‌സ് സെന്റർ തറക്കല്ലിടൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |