ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ഓഫീസ് വളപ്പിലെ വർഷങ്ങളോളം പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റി. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. അവധി ദിനമായ ഇന്നലെയാണ് നഗരസഭ ഓഫീസ് വളപ്പിലെ പത്തോളം മരം മുറിച്ചുമാറ്റിയത്. മരങ്ങളുടെ മദ്ധ്യഭാഗത്ത് വെച്ചാണ് മുറിച്ചത്.
നഗരസഭ ഓഫീസ് മന്ദിരത്തിന് മുന്നിൽ വർഷങ്ങളായി തണൽ നൽകിയിരുന്ന വൃക്ഷങ്ങൾ പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റിയത് എന്തിനെന്ന് നഗരസഭ ചെയർമാനും മരംമുറിക്കുന്നതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും ജനങ്ങളോട് വിശദീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തവർ ആരായാലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരങ്ങളിൽ ഇത്തിക്കണ്ണി വളർന്ന് പലപ്പോഴും നഗരസഭ വളപ്പിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് മരക്കമ്പുകൾ ഒടിഞ്ഞ് വീഴുന്നത് പതിവായിരുന്നു. നഗരസഭയിലെത്തുന്നവരുടെ ദേഹത്തേക്കും മരക്കമ്പുകൾ വീഴുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റാൻ നിർദ്ദേശം നൽകിയതെന്ന് ചെയർമാൻ എം.കൃഷ്ണദാസ് പറഞ്ഞു. മരങ്ങളെല്ലാം അമ്പതോളം വർഷം പഴക്കമുള്ളതാണെന്നും ഇതിൽ പലമരങ്ങളും കാലപ്പഴക്കം മൂലം ഉൾവശം ദ്രവിച്ചു തുടങ്ങിയിരുന്നു. ഇതിനാൽ മരങ്ങളുടെ കേടുവന്ന ഭാഗത്തിന് താഴെ വെച്ച് മുറിച്ചു മാറ്റുകയായിരുന്നു. പുതിയ ശിഖരങ്ങൾ കിളിർത്ത് വരാനായി മുറിച്ച ഭാഗത്തിന് മുകൾ ഭാഗത്ത് കവർ ചെയ്ത് വെച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |