ഇരിട്ടി: കരിന്തളം - വയനാട് 400 കെ.വി വൈദ്യുതി ലൈൻ വലിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് പ്രശ്ന പരിഹാരത്തിനുള്ള ശ്രമം ഊർജിതമാക്കി. പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ നിയോജക മണ്ഡലം തലത്തിൽ രൂപപ്പെടുത്തേണ്ട നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ സണ്ണി ജോസഫും സജീവ് ജോസഫും നേരിട്ടും തളിപ്പറമ്പ്, പയ്യന്നൂർ എം.എൽ.എമാരുടെ പ്രതിനിധികൾ ഓൺ ലൈനായും പങ്കെടുത്തു.
കർമ്മ സമിതി ഭാരവാഹികളുമായി കൂടുതൽ ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച ഇരിട്ടിയിൽ ജനപ്രതിനിധികൾ, കർമ്മ സമതി ഭാരവാഹികൾ, തഹസിൽദാർ, വൈദ്യുതി വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം ചേരും. കാസർകോട് ജില്ലയിലെ കരിന്തളത്ത് നിന്ന് വയനാട്ടിലേക്ക് 400 കെ.വി ലൈൻ വലിക്കുന്നതിനോടനുബന്ധിച്ച് ടവർ സ്ഥാപിക്കുന്നതിന് മുന്നോടിയായി മരം മുറി നടപടിക്രമങ്ങൾക്കെത്തിയ കെ.എസ്.ഇ.ബി സംഘത്തെ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.
സ്‌പെഷ്യൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കാതെ ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കുകയില്ലെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി മന്ത്രി, റവന്യൂ മന്ത്രി, കളക്ടർ എന്നിവർക്ക് നിവേദനവും നൽകിയിരുന്നു. ഉറപ്പുകളൊന്നും പാലിക്കാതെ കിളിയന്തറ പഴയ എക്‌സൈസ് ചെക്ക് പോസ്റ്റ് പരിസരത്തെ മണ്ണനാൽ അക്കാമയുടെ ഭൂമിയിൽ കെ.എസ്.ഇ.ബി അധികൃതരെത്തിയതോടെയാണ് പായം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ നിന്നുള്ള കർമ്മസമിതി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ സ്ഥലത്തെത്തി പ്രവൃത്തി തടസപ്പെടുത്തിയത്.
നാട്ടുകാരെ അനുനയിപ്പിക്കാൻ
ഇടമൺ കൊച്ചി പാക്കേജ്
കെ.എസ്.ഇ.ബി ഹൈടെക് ലൈൻ വലിക്കുന്നതിന് ഇടമൺ കൊച്ചി, മാടക്കത്തറ ഭാഗങ്ങളിൽ നടപ്പിലാക്കിയ പാക്കേജ് കരിന്തളം- വയനാട് പദ്ധതിക്കും ബാധകമാക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ടവർ സ്ഥാപിക്കുന്ന പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായ വിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം നല്കും. ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ രണ്ടര സെന്റ് പ്രകാരം ന്യായവില കണക്കാനുള്ള ചർച്ചകൾ ഉണ്ടായെങ്കിലും ഇത് കർമ്മ സമതി ഭാരവാഹികൾക്കും ജനപ്രതിനിധികൾക്കും സ്വീകാര്യമായില്ല. ലൈൻ ഉയരം അനുസരിച്ച് നഷ്ടപരിഹാരത്തിൽ ഏറ്റകുറച്ചലുകൾ വരുത്താനുള്ള നിർദ്ദേശവും അംഗീകരിക്കപ്പെട്ടിട്ടില്ല. ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ വിളകൾക്കുണ്ടാകുന്ന നഷ്ടം പ്രത്യേകമായും കണക്കാക്കും.
ഭൂമിയുടെ ന്യായ വിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം
വിള നഷ്ടത്തിന് പ്രത്യേകം കണക്കാക്കും
ചർച്ചകളിൽ കർമ്മസമിതി തൃപ്തരായില്ല
നാളെ ഇരിട്ടിയിൽ വീണ്ടും യോഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |