തൃശൂർ: കുടിവെള്ളത്തിന് നെട്ടോട്ടമോടിയിരുന്ന കൈപ്പറമ്പ് ലക്ഷംവീട് നിവാസികൾക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതി. പത്ത് ലക്ഷം ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രദേശത്ത് നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പഞ്ചായത്ത് പൊതുകിണറിലെ വെള്ളം വേനൽക്കാലത്ത് ഉപയോഗശൂന്യമാകുന്നതും ജലദൗർലഭ്യത്തിന്റെ രൂക്ഷത അനുഭവപ്പെടുമ്പോൾ വെള്ളമില്ലാത്ത സ്ഥിതിയുമുണ്ടായിരുന്നു. മോട്ടോർ തകരാറും മിക്ക ദിവസങ്ങളിലെയും അറ്റകുറ്റപ്പണികളും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാക്കി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെ.ആർ നാരായണൻ എസ്.സി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. മണിക്കൂറിൽ 6000 ലിറ്റർ വെള്ളം പമ്പ് ചെയ്യും. 21 ഗാർഹിക ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും. പദ്ധതിയുടെ ഉദ്ഘാടനം ലക്ഷംവീട് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഉഷ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ലീല രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |