അരിമ്പൂർ : പഞ്ചായത്തിലെ ചാലാടി പഴം കോൾ പാടശേഖരത്തിൽ സബ് മേഴ്‌സബിൾ പമ്പില്ലാത്തത് മൂലം കൃഷിയിറക്കലിന് കാലതാമസം നേരിടുന്നതായി ആക്ഷേപം. പഞ്ചായത്തിലെ മറ്റെല്ലാ പാടശേഖരങ്ങൾക്കും സബ് മേഴ്‌സബിൾ പമ്പ് സെറ്റ് ലഭിച്ചപ്പോൾ ചാലാടി പഴം കോൾ പാടശേഖരം മാത്രം അവഗണിക്കപ്പെട്ടെന്ന് പടവ് പ്രസിഡന്റ് വി.കെ മണി പറഞ്ഞു.
850 ഏക്കർ വിസ്തൃതിയോടെ ജില്ലയിലെ വലിയ പാടശേഖരങ്ങളിൽ നാലാമതെന്ന പദവി അലങ്കരിക്കുന്ന പാടശേഖരമാണിത്. ഒന്നാം മേഖലയിൽ കൃഷിയിറക്കേണ്ട ചാലാടിയാൽ ആഗസ്റ്റ് ഒന്നിന് പമ്പിംഗ് ആരംഭിച്ചെങ്കിലും ഇതുവരെയും വെള്ളം വറ്റിക്കാനായിട്ടില്ല. കനാലിൽ കുളവാഴയും ചണ്ടിയും നിറഞ്ഞ് കിടക്കുമ്പോൾ പെട്ടിയും പറയും ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയിൽ നടക്കുന്ന വെള്ളം വറ്റിക്കൽ അപ്രായോഗികമാണെന്ന് കർഷകർ പറയുന്നു.
രണ്ടാം മേഖലയിൽ കൃഷിയിറക്കേണ്ട പടവുകൾ പമ്പിംഗ് നിറുത്തി വെച്ചിട്ടുണ്ടെങ്കിലും പടവുകളിലേക്ക് വെള്ളം കയറ്റി നിറുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. ചിമ്മിനി ഡാമിൽ വെള്ളത്തിന്റെ കുറവുള്ളതിനാൽ ഏനാമാവ് ഷട്ടറിലൂടെ പരിധിയിൽ കൂടുതൽ വെളളം ഒഴുക്കിവിടാനാകാത്ത സാഹചര്യവുമുണ്ട്. ഇതിനെ മറികടക്കണമെങ്കിൽ രണ്ടാം മേഖലയിൽ പണിയേണ്ട പടവുകളിൽ വെള്ളം കയറ്റിനിറുത്തിയാൽ മാത്രമേ ആയാസരഹിതമായി ചാലാടിയിൽ കൃഷിയിറക്കാൻ സാധിക്കുകയുള്ളൂവെന്ന് പടവ് കമ്മിറ്റി ഭാരവാഹികൾ പറയുന്നു. അരിമ്പൂരിലെ വരട്ട് കോർ മേഖലയിൽ കെ.എൽ.ഡി.സി കനാലിലെ നീരൊഴുക്ക് നിലച്ചതിനെ തുടർന്ന് ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ട്. ഇത് തുടർന്നാൽ ബണ്ടിൽ വിള്ളൽ വീഴാനും ബണ്ട് തകരാനും സാദ്ധ്യതയുണ്ടെന്നും ആയതിനാൽ അടിയന്തര ഇടപെടൽ വേണമെന്നുമാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |