ചാലക്കുടി: വീട്ടുകാർ കരുതിയിരിക്കുക, ലായനിയിൽ മുക്കി സ്വർണ്ണാഭരണം കവരുന്ന വിരുതന്മാർ വീണ്ടും രംഗത്ത്. ആഭരണങ്ങൾക്ക് നിറം കൂട്ടാൻ പ്രത്യേക ലായനിയിൽ കഴുകിയെടുക്കൽ എന്ന വ്യാജേനയാണ് ഇതര സംസ്ഥാനക്കാർ എത്തിയിരിക്കുന്നത്. ഇതിന് കൂലിയും വാങ്ങി സ്ഥലം വിടും.
തിളക്കം കൂടുമെങ്കിലും പിന്നീട് പരിശോധിച്ചു നോക്കിയാൽ ആഭരണത്തിന്റെ തൂക്കം കുറഞ്ഞതായി കാണാനാകും.
ഇന്നലെ ചൗക്ക ഉതിനിപറമ്പൻ ജംഗ്ഷന് സമീപത്തെ വീട്ടിൽ ഇത്തരം കബളിപ്പിക്കൽ നടന്നു. യുവതിയുടെ മുക്കാൽ പവൻ സ്വർണമാണ് ഇത്തരത്തിൽ ഇല്ലാതായത്. ഹിന്ദി സംസാരിക്കുന്ന രണ്ട് യുവാക്കളെത്തുകയും ഓട്ടുപാത്രം നിറം മാറ്റി നൽകുകയും ചെയ്തു. പിന്നീട് സ്വർണ്ണാഭരണങ്ങളും ഇത്തരത്തിൽ ചെയ്തു തരാമെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. മാലയും പാദസരവും ഗ്ലാസിലെ ലായനിയിലിടുന്ന രീതി കണ്ടപ്പോൾ യുവതിക്ക് സംശയം തോന്നി, ഇതിനെ വിലക്കി.
ഇതോടെ പാത്രത്തിൽ നിന്നും ആഭരണങ്ങൾ പുറത്തെടുത്ത് നൽകിയ യുവാക്കൾ ഉടനെ സ്ഥലം വിട്ടു. പിന്നീട് ജ്വല്ലറിയിലെത്തിയ യുവതി രണ്ട് ആഭരണങ്ങളും തൂക്കം നോക്കിയപ്പോഴാണ് മുക്കാൽ പവന്റെ കുറവ് കണ്ടത്. രേഖാ മൂലം പരാതിയില്ലെങ്കിലും വിവരമറിഞ്ഞ പൊലീസ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിരീക്ഷണം ആരംഭിച്ചു. ചാലക്കുടി പ്രദേശത്ത് വർഷങ്ങൾക്ക് മുമ്പും ഇത്തരത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |