തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായി അന്വേഷിക്കണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇ.ഡിയുടെ അന്വേഷണം വഴിമുട്. തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ പ്രശ്‌നവും പരിഹരിച്ചെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാദം ബി.ജെ.പിയുമായി കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കണം.
സർക്കാർ ഗ്യാരന്റിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകണം. അഴിമതിയിലെ നേതാക്കളുടെ പങ്കിൽ സി.പി.എമ്മിൽ ഭിന്നിപ്പുണ്ട്. സ്പീക്കർ ഷംസീറിനെ തിരുത്താനുള്ള എം.വി. ഗോവിന്ദന്റെ വ്യഗ്രത ഇതിന് തെളിവാണ്. കരുവന്നൂർ അഴിമതി ചെറിയ പ്രശ്‌നമാണെന്നാണ് മന്ത്രി എം.ബി. രാജേഷ് പറയുന്നത്.
ഇത്തരത്തിൽ അഭിപ്രായം പറയും മുമ്പ് കരുവന്നൂരിലെ നിക്ഷേപകരിൽ 99 ശതമാനവും സഖാക്കളാണെന്ന് ഓർമ്മിക്കണം. സർക്കാരിന്റെ ജനസദസ് പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ പ്രചാരണമാണ്. അധികാര ദുർവിനിയോഗമാണ് നടക്കുന്നതെന്നും ഹസ്സൻ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ്, കെ.പി.സി.സി നിർവാഹകസമിതി അംഗം അനിൽ അക്കര എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതി: സുരേന്ദ്രൻ
കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഹോരാത്രം പരിശ്രമിക്കുന്നത് ഇതുകൊണ്ടാണ്. കരുവന്നൂർ തട്ടിപ്പിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പൊലീസുമാണ്. സഹകരണബാങ്കിൽ നിക്ഷേപിച്ച എല്ലാവർക്കും പണം തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം ആദ്യം പണം തട്ടിയെടുത്ത സി.പി.എം നേതാക്കളെ അറസ്റ്റുചെയ്ത് അവരിൽ നിന്നും നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുകയാണ് വേണ്ടത്. തൃശ്ശൂരിലെ മറ്റ് പല ബാങ്കുകളിലും കരുവന്നൂരിന് സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. അതിലെല്ലാം കണ്ണൂർ ലോബിയുടെ സ്വാധീനവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |