ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യ റിമോട്ട് കൺട്രോൾ വഴി അദാനിക്ക് നേട്ടമുണ്ടാക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഗ്രാമീൺ ആവാസ് ന്യായ് യോജന റിമോട്ട് കൺട്രോൾ അമർത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയെ കളിയാക്കി രാഹുൽ ഗാന്ധിയുടെ കമന്റ്.
ഞങ്ങൾ ഇതുപോലെ തുറന്ന സ്ഥലത്താണ് റിമോട്ട് കൺട്രോളിന്റെ ബട്ടൺ അമർത്തുക. എന്നാൽ, ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അവരുടെ കൈവശമുള്ളവ രഹസ്യമായി അമർത്തുന്നു. അപ്പോൾ അദാനിക്ക് മുംബയ് വിമാനത്താവളം ലഭിക്കുന്നു. പൊതുമേഖല സ്വകാര്യമാകുന്നു. ലോക്‌സഭയിൽ അദാനിയെ കുറിച്ച് പ്രധാനമന്ത്രിയോട് ചോദിച്ചപ്പോൾ എനിക്ക് ലഭിച്ച മറുപടി എന്റെ ലോക്‌സഭാംഗത്വം റദ്ദാക്കലായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പൊതുജനങ്ങളാണ് ചുക്കാൻ പിടിക്കുന്നത്. ഞങ്ങളുടെ എല്ലാ റിമോട്ട് കൺട്രോളുകളും പൊതുജനങ്ങൾക്ക് കാണാനുള്ളതാണെന്നും രാഹുൽ പറഞ്ഞു.
ട്രെയിനിൽ യാത്ര ചെയ്യുന്ന രാഹുൽ വൈറൽ
യാത്രക്കാർക്കൊപ്പമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്രെയിൻ യാത്രയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ നിന്ന് തലസ്ഥാനമായ റായ്പൂരിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിലാണ് രാഹുൽ യാത്ര ചെയ്തത്.
യാത്രക്കാരുമായി സംവദിച്ച രാഹുൽ അവരുടെ പ്രശ്നങ്ങളും കേട്ടു. ഓട്ടോഗ്രാഫിനായി സമീപിച്ചവർക്ക് നൽകി. ചിലർ രാഹുലിനൊപ്പമിരുന്ന് ഫോട്ടോയെടുത്തു. വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ ‘മുഖ്യമന്ത്രി ഗ്രാമീൺ ആവാസ് ന്യായ് യോജന (എംജിഎഎൻവൈ) പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുലെത്തിയത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കോൺഗ്രസിന്റെ സംസ്ഥാന ചുമതലയുള്ള കുമാരി സെൽജ, പി.സി.സി പ്രസിഡന്റ് ദീപക് ബൈജ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |