ലക്‌നൗ: ഉത്തർപ്രദേശിൽ രണ്ട് നവജാത ശിശുക്കൾ തണുത്തു മരിച്ച സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിലെ ഡ്യൂട്ടി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം.
കുഞ്ഞുങ്ങൾ കിടന്നിരുന്ന ഫോട്ടോതെറാപ്പി മുറിയിൽ രാത്രി മുഴുവൻ എ.സി പ്രവർത്തിപ്പിച്ചതിനെ തുടർന്ന് തണുപ്പ് താങ്ങാനാകാതെയാണ് മരിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ക്ലിനിക്കിന്റെ ഉടമയും ഡോക്ടറുമായ നീതുവിനെതിരെയും കൈരാന പോലീസ് കേസെടുത്തു. കൊലപാതകത്തിന് തുല്യമല്ലാത്ത മനപ്പൂർവമായ നരഹത്യക്കാണ് ഡ്യൂട്ടി ഡോക്ടർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് കൈരാന സ്റ്റേഷൻ ഹൗസ് ഓഫീസർ നേത്രപാൽ സിംഗ് പറഞ്ഞു. കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് നടപടി. ഉത്തർപ്രദേശ് ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി ശരിയെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് അഡിഷനൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അശ്വനി ശർമ പറഞ്ഞു.
ശനിയാഴ്ചയാണ് കൈരാനിയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രണ്ടു കുഞ്ഞുങ്ങളും ജനിച്ചത്. വൈകിട്ടോടെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. നവജാത ശിശുക്കളായതിനാൽ ഡോക്ടറുടെ നിർദ്ദേശാനുസരണം ക്ലിനിക്കിലെ ഫോട്ടോതെറാപ്പി യൂണിറ്റിലേക്ക് മാറ്റി. ഫോട്ടോ തെറാപ്പി യൂണിറ്റുള്ള മുറിയിൽ രാത്രിയിൽ ഉറങ്ങുന്നതിനിടെ ഡോക്ടർ എ.സി ഓൺ ചെയ്തുവെന്നും രാവിലെ വരെ ഓഫ് ചെയ്തില്ലെന്നുമാണ് കുടുംബാംഗങ്ങളുടെ പരാതി. ഡോക്ടർക്ക് ഉറങ്ങാനാണ് എ.സി ഓണാക്കിയതെന്നും രാവിലെ കുഞ്ഞുങ്ങളെ നോക്കുമ്പോഴാണ് അമിതമായി തണുപ്പടിച്ച് മരിച്ച നിലയിൽ കണ്ടതെന്നും കുടുംബാംഗങ്ങൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെത്തുടർന്ന് കുടുംബാംഗങ്ങൾ ക്ലിനിക്കിന് മുന്നിൽ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |