ന്യൂഡൽഹി: മണിപ്പൂരിൽ ഭരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഗീതാ മിത്തൽ അദ്ധ്യക്ഷയായി മൂന്നംഗ വനിതാ ജഡ്ജിമാരുടെ സമിതി രൂപീകരിച്ച ശേഷവും കോടതിയിലേക്ക് പരാതി പ്രവാഹമുണ്ടാകുന്ന പശ്ചാത്തലത്തിലാണ് പരാമർശം.
ഒന്നുകിൽ സമിതിയെ പിരിച്ചുവിട്ട് തങ്ങൾ തന്നെ കേൾക്കാം. അല്ലെങ്കിൽ സമിതിയെ വിശ്വസിക്കണം, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കക്ഷികളോട് പറഞ്ഞു. ജനങ്ങളുടെ കോടതിയാണെന്ന് ബോദ്ധ്യമുണ്ട്. മുറിവുകൾ ഉണക്കുന്നതിന്റെ ഭാഗമായാണ് ജനത്തെ കേൾക്കുന്നത്. എല്ലാ ആഴ്ച്ചയും കേസ് കേൾക്കാനാകില്ല. സംഘർഷത്തിനിടെ ആധാർ നഷ്ടപ്പെട്ടവർക്ക് കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം അവ വിതരണം ചെയ്യണം. അപേക്ഷകർ പൗരന്മാരാണോ, നുഴഞ്ഞുകയറ്റക്കാരാണോ എന്നത് പരിശോധിക്കാൻ സംവിധാനമുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു.
അഭിഭാഷകരെ തടയരുതെന്ന് നിർദ്ദേശം
മണിപ്പൂർ ഹൈക്കോടതിയിൽ ചില സമുദായ വിഭാഗങ്ങളിലെ അഭിഭാഷകരെ തടയുന്നുവെന്ന പരാതികളിൽ സുപ്രീംകോടതി ഇടപെട്ടു. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റിനും, സംസ്ഥാനത്തെ ബാർ അസോസിയേഷനുകൾക്കും കർശന നിർദ്ദേശം നൽകി. ഉത്തരവ് പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
മണിപ്പൂരിൽ കൂടുതൽ സൈനികർ
സംഘർഷം നിലനിൽക്കുന്ന മണിപ്പൂരിൽ അർധസൈനിക വിന്യാസം കൂട്ടി. 400 അധിക കമ്പനി സേനയെ മണിപ്പൂരിൽ എത്തിച്ചു. അധികകമായി ബി.എസ്.എഫ്, സി.ആർ.പി.എഫ് സംഘത്തെയാണ് കഴിഞ്ഞ മൂന്നു ദിവസത്തിനിടെയായി മണിപ്പൂരിലെ സംഘർഷം നിലനിൽക്കുന്ന മേഖലകളിലായി വിന്യസിച്ചത്. ചുരാചന്ദ്പുരിലെ ബി.എസ്.എഫിന്റെ ക്യാമ്പ് താത്കാലിക ജയിലാക്കി മാറ്റാൻ മണിപ്പൂർ സർക്കാർ തീരുമാനിച്ചതിനിടെയാണ് മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിരിക്കുന്നത്. മേയ് മുതൽ ഇരു സമുദായങ്ങൾക്കിടയിലാരംഭിച്ച സംഘർഷത്തെതുടർന്ന് മണിപ്പൂരിലെ രണ്ടു സ്ഥിരം ജയിലുകളിലും കസ്റ്റഡയിലെടുക്കുന്നവരെ പാർപ്പിക്കാൻ സ്ഥലമില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ജയിലുകളിൽ ആളുകൾ നിറഞ്ഞതോടെയാണ് ബി.എസ്.എഫിന്റെ ക്യാമ്പ് താത്കാലിക ജയിലാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ജയിലാക്കുന്നതിനുള്ള പ്രവൃത്തിയും ഇന്നലെ ആരംഭിച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ മോഷ്ടിച്ച ആയുധങ്ങൾ തിരിച്ചേല്പിക്കണമെന്ന് സായുധ സംഘങ്ങളോട് മുഖ്യമന്ത്രി ബിരെൻ സിംഗ് ആവശ്യപ്പെട്ടിരുന്നു. സമയപരിധിക്കുള്ളിൽ ആയുധങ്ങൾ തിരിച്ചേല്പിച്ചില്ലെങ്കിൽ അവ പിടിച്ചെടുക്കാൻ കേന്ദ്ര സേനയും സംസ്ഥാന പോലീസും നേരിട്ടിറങ്ങുമെന്നുമാണ് മുന്നറിയിപ്പ്. മേയ്, ജൂൺ മാസങ്ങളിലായി തോക്കുകൾ ഉൾപ്പെടെ 5,668 ആയുധങ്ങളാണ് സർക്കാർ ആയുധപ്പുരയിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇതിൽ1,329 ആയുധങ്ങൾ മാത്രമാണ് പോലീസിന് തിരിച്ചെടുക്കാനായത്. രണ്ടാഴ്ചക്കുള്ളിൽ ആയുധങ്ങൾ തിരിച്ചേല്പിക്കുന്നവർക്കെതിരായ നടപടികൾ ലഘൂകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |