കണ്ണൂർ: ഫണ്ട് തിരിമറി ആരോപണത്തെ തുടർന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയ പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിലെടുത്തു. ജില്ലാകമ്മറ്റി അംഗമായ പി.സന്തോഷിനെ പയ്യന്നൂർ ഏരിയ സെക്രട്ടറിയായും നിയമിച്ചു.പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ വി.കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മറ്റിയംഗമായി ഉൾപ്പെടുത്താനും തീരുമാനമായി.
ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ കണ്ണൂരിൽ ചേർന്ന ജില്ല സെക്രട്ടറിയേറ്റ്, ജില്ല കമ്മറ്റി യോഗങ്ങളിലാണ് തീരുമാനം. കഴിഞ്ഞ വർഷം ജൂണിലാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ തിരിമറി നടത്തി എന്നാണ് അന്ന് ഏരിയ സെക്രട്ടറിയായിരുന്ന വി.കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണം. ടി ഐ മധുസൂദനൻ, ഏരിയ കമ്മറ്റി അംഗങ്ങളായിരുന്ന ടി.വിശ്വനാഥൻ, കെ.കെ.ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ.പി മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി.
ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. സംസ്ഥാന സമിതി അംഗം ടി.വി രാജേഷിന്റേയും, പി.വി.ഗോപിനാഥിന്റേയും നേതൃത്വത്തിൽ പാർട്ടി അന്വേഷണം നടത്തി. ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് പാർട്ടി അന്വേഷണത്തിലും ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. പരാതി ഉന്നയിച്ചതിനെ തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിൽ പ്രതിഷേധിച്ച് കുഞ്ഞികൃഷ്ണൻ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് എം.വി ഗോവിന്ദൻ ഇടപെട്ട് ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം വീണ്ടും സജീവമായത്. കുഞ്ഞികൃഷ്ണനെ ചുമതലയിൽ നിന്ന് മാറ്റിയ സമയത്ത് സംസ്ഥാന കമ്മറ്റി അംഗം ടി.വി രാജേഷിനായിരുന്നു പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ താത്കാലിക ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |