കെ.ജി.ജോർജ് മറവിയിൽനിന്ന് മരണത്തിലേക്ക് നടന്നു മറയുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന് യവനിക വീഴുന്നെങ്കിലും മരണമില്ലാത്ത സിനിമകൾ പിന്നെയും ചർച്ചചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. കാരണം,ജോർജ് ഒരുക്കിയ സിനിമകൾ എക്കാലത്തേക്കും ന്യൂജെൻ ആണ്! തന്റേതായ ആഖ്യാന ശൈലിയിലൂടെയും ദൃശ്യപരിചരണത്തിലൂടെയും മലയാള സിനിമ പിന്തുടർന്നു പോന്ന ഭാഷയും വ്യാകരണവും മാറ്റിയെഴുതുകയായിരുന്നു കെ.ജി ജോർജ്. സമീപനത്തിലും സാങ്കേതികതയിലും മലയാള സിനിമയുടെ മുഖച്ഛായ വിശ്വോത്തരമായി പുനർനിർമ്മിക്കാൻ ധൈര്യപ്പെട്ട അന്നത്തെ നവതലമുറ സംവിധായകരിൽ ഒരാൾ.
1976- ൽ ആദ്യസിനിമയായ സ്വപ്നാടനം മുതൽ അവസാനം പുറത്തിറങ്ങിയ ഇലവങ്കോട് ദേശം വരെയുള്ള സിനിമകളിൽ ഓരോന്നിലും കെ.ജി ജോർജ് എന്ന സംവിധായകന്റെ ക്രാഫ്റ്റ്സ്‌മാൻഷിപ് മനസിലാകും, ഓരോ സിനിമയ്ക്കും ഓരോ അവതരണരീതി, വ്യത്യസ്ത പശ്ചാത്തലങ്ങൾ. ഓരോന്നിനും ഓരോ ഫോർമുല! ഓരോ ചിത്രത്തിൽ നിന്നുമുണ്ടാകും, ഒരു സിനിമാ വിദ്യാർത്ഥിക്ക് ഏറെ പഠിക്കാൻ. വർഷങ്ങൾക്കു ശേഷം ഒരിക്കൽക്കൂടി പുനർനിർമ്മാണം സാദ്ധ്യമാകുന്ന പ്രമേയം, ചിത്രീകരണരീതി.... ഏറ്റവും നല്ല ഉദാഹരണം' ഇരകൾ' ആണ്. വർഷങ്ങൾക്കിപ്പുറം ജോജി എന്നചിത്രം ഇരകളുടെ കഥാതന്തുവിൽ നിന്ന് പിറവികൊണ്ടതാണെന്ന് കണ്ടെത്താനാകും. പിൽക്കാലത്ത് രൂപം കൊണ്ട എത്രയോ ത്രില്ലർ സിനിമകൾക്ക് 'യവനിക' പ്രചോദനമായിരിക്കുന്നു!
1976- ലെ 'സ്വപ്നാടനം' അന്നത്തെ ന്യൂജെൻ സിനിമയായിരുന്നു. നായകനും നായികയും, അവരുടെ പ്രണയം, മരംചുറ്റി പ്രേമഗാനങ്ങൾ.... ഇത്തരം സ്ഥിരം ചട്ടക്കൂടിൽ ഹിറ്റ് സിനിമകൾ പിറവിയെടുത്ത കാലത്താണ് 'സ്വപ്നാടനം' എന്ന ഓഫ് ബീറ്റ് സിനിമയുമായി കടന്നു വരാൻ കെ.ജി. ജോർജ് ധൈര്യം കാണിച്ചത്. സ്വപ്നാടനം ഇപ്പോൾ കാണുമ്പോഴും ഒരു പുതുമ അനുഭവിക്കാനാകുന്നുണ്ടെന്ന് പുതിയ തലമുറ വിലയിരുത്തുമ്പോൾ ശിരസുയർത്തി നിൽക്കുന്നത് കെ.ജിയിലെ സംവിധായകനാണ്.
സ്വപ്നാടനം കഴിഞ്ഞ് അദ്ദേഹം ചെയ്ത ചില സിനിമകൾ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് വ്യാമോഹം (1977). ആ ചിത്രത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തിലെത്തുന്നത്. മണ്ണ്, ഇനി അവൾ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും അത്ര ശ്രദ്ധേയമായില്ല. പക്ഷേ, പത്മരാജന്റെ തിരക്കഥയിൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത ഒരേയൊരു സിനിമയായ 'രാപ്പാടികളുടെ ഗാഥ' എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. ജോർജ് ഓണക്കൂറിന്റെ രചനയിൽ സംവിധാനം ചെയ്ത 'ഉൾക്കടൽ' ആണ് മലയാളത്തിലെ ആദ്യത്തെ കാമ്പസ് ചിത്രം.
ആദാമിന്റെ വാരിയെല്ല് എന്ന സിനിമ ഒരുപക്ഷേ, സിനിമാ ലോകത്തിനു തന്നെ വ്യത്യസ്ത കലാപരതയുള്ള ഒരു അന്ത്യത്തിലേക്കാണ് ചെന്നെത്തിയത്. വ്യത്യസ്ത തലങ്ങളിലുള്ള സ്ത്രീജീവിതങ്ങളുടെ സ്വാതന്ത്ര്യ മോഹങ്ങളെക്കുറിച്ച് പറഞ്ഞ ചിത്രം മലയാളത്തിലെ ശക്തമായ സ്ത്രീപക്ഷ സിനിമയായി അടയാളപ്പെട്ടിരിക്കുന്നു. 1982-ൽ പുറത്തിറങ്ങിയ 'യവനിക' മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ത്രില്ലർ സിനിമയാണ്. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനത്തിലൂടെ മികവുറ്റ ഒരു അന്വേഷണവും വ്യത്യസ്ത കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളും യവനികയിലുണ്ട്. കെ.ജി. ജോർജിനെ അടയാളപ്പെടുത്തിയ മറ്റൊരു ചിത്രം പഞ്ചവടിപ്പാലമാണ്. വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം ഏതുകാലത്തും സമകാലിക പ്രസക്തിയുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യമായി നിലകൊള്ളുന്നു.
1998- ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശം എന്ന അവസാനചിത്രമാണ് കെ.ജിയുടെ സിനിമകളിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോയതും അദ്ദേഹം ആഗ്രഹിച്ച തലത്തിലേക്ക് എത്താതെ പോയതുമായ ഒന്ന്. അവിടെ നിന്ന്, അദ്ദേഹം അത്രയും കാലം ചേർത്തുപിടിച്ച സിനിമയിൽ നിന്ന് പിന്തിരിഞ്ഞ് നടന്നിറങ്ങുകയായിരുന്നു എന്നു തോന്നും. പിന്നീട് ഒരു സിനിമ ചെയ്യാൻ അദ്ദേഹത്തിനായതുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |