* മൃതദേഹം ദഹിപ്പിക്കുന്നത് രവിപുരം ശ്മശാനത്തിൽ
കൊച്ചി: സംവിധായകൻ കെ.ജി. ജോർജിന്റെ മൃതദേഹം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ഇന്ന് വൈകിട്ട് 4.30ന് രവിപുരം പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും. ടൗൺഹാളിൽ പൊതുദർശനത്തിനുശേഷം ഒൗദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
തന്റെ മൃതദേഹം ദഹിപ്പിക്കണമെന്ന ജോർജിന്റെ ആഗ്രഹപ്രകാരമാണ് സംസ്കാരം നിശ്ചയിച്ചതെന്ന് ഭാര്യ സൽമ ജോർജ് പറഞ്ഞു. മതപരമായ ചടങ്ങുകൾ പാടില്ലെന്ന് നേരത്തെതന്നെ നിർദ്ദേശിച്ചിരുന്നു. നിരീശ്വരവാദിയായിരുന്ന അദ്ദേഹം പള്ളികളിൽ പോയിരുന്നില്ല.
ഗോവയിലായിരുന്ന സൽമ ജോർജും മകൻ അരുണും ദോഹയിൽ ജോലിചെയ്യുന്ന മകൾ താരയും ഇന്നലെ വെണ്ണലയിലെ വീട്ടിലെത്തി.
ഇന്ന് രാവിലെ 11ന് മോർച്ചറിയിൽ നിന്നെടുക്കുന്ന മൃതദേഹം എറണാകുളം നോർത്തിലെ ടൗൺഹാളിൽ കൊണ്ടുവരും. 11.30 മുതൽ 3 വരെ പൊതുദർശനത്തിന് വയ്ക്കും.
ഞായറാഴ്ച രാവിലെ കാക്കനാട്ടെ വയോജന പരിചരണ കേന്ദ്രത്തിലാണ് കെ.ജി. ജോർജ് നിര്യാതനായത്. പക്ഷാഘാതത്തെ തുടർന്ന് രണ്ടുവർഷമായി അവിടെ കഴിയുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം അവിടെ കഴിഞ്ഞതെന്ന് സൽമ ജോർജ് പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ സത്യവിരുദ്ധവും വേദനിപ്പിക്കുന്നതുമാണെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |