കളിച്ചില്ലെങ്കിലും ടീമിന്റെ
ഭാഗമായതിൽ സന്തോഷം: മിന്നുമണി
കൽപ്പറ്റ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ക്രിക്കറ്റിൽ ഇന്ത്യ രണ്ടാം സ്വർണം നേടിയതോടെ മലയാളി താരം മിന്നുമണിയും അത്യാഹ്ലാദത്തിൽ. ഫൈനലിലും സെമി ഫൈനലിലും കളിക്കാൻ കഴിഞ്ഞില്ലെങ്കിലും ടീം സ്വർണം കരസ്ഥമാക്കിയതിൽ അഭിമാനമുണ്ടെന്ന് മിന്നുമണി പ്രതികരിച്ചു. കളിക്കാൻ കഴിയാത്തതിൽ നിരാശയില്ല. ടീമിന്റെ ഭാഗമായതിൽ സന്തോഷം.
സ്വർണം നേടുകയെന്നത് ടീമിന്റെ ആഗ്രഹമായിരുന്നു. എല്ലാവരും ടീമിന്റെ ഭാഗമാണ്.
മലേഷ്യക്കെതിരെ ക്വാർട്ടർ ഫൈനലിൽ മാത്രമാണ് മിന്നുമണി കളിച്ചത്. അന്ന് ബൗളിംഗിനും ബാറ്റിംഗിനും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ടീം ബാറ്റ് ചെയ്തതിന് പിന്നാലെ മഴ കാരണം കളി മുടങ്ങിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് വെള്ളിയാണ് ലഭിച്ചത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിത ട്വന്റി 20 ക്രിക്കറ്റ് ടീമിലാണ് ഓൾറൗണ്ടറായ മിന്നു ആദ്യം ഇടം നേടിയത്. ഇതോടെ ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ മലയാളി താരം എന്ന നേട്ടം മിന്നു സ്വന്തമാക്കി. നേരത്തെ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു. ഇടം കൈയൻ ബാറ്ററും സ്പിന്നറുമായ മിന്നു മാനന്തവാടി ചോയിമൂല സ്വദേശിനിയാണ്. പ്രഥമ വനിത ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു.
പതിനാറാം വയസിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം പത്തു വർഷത്തിനിടയിൽ ടീമിൽ സ്ഥിരാംഗമാണ്. 2019 ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീം അംഗമായിരുന്നു. ഏഷ്യാ കപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളത്തിലിറങ്ങി.
മിന്നു കളിച്ചില്ലെങ്കിലും ടീം സ്വർണം കരസ്ഥമാക്കിയതിൽ സന്തോഷമുണ്ടെന്ന് മിന്നുവിന്റെ അച്ഛൻ സി.കെ.മണി പ്രതികരിച്ചു. ഇന്ത്യയുടെ ഭാഗമാവുകയെന്നത് തന്നെ വലിയ അംഗീകാരമാണ്. ഓണത്തിന് മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് മിന്നു മണി. ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ പ്രാക്ടീസായിരുന്നു. ബംഗളൂരുവിൽ നിന്നാണ് ചൈനയിലേക്ക് പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |