വി.കുഞ്ഞിക്കൃഷ്ണൻ ജില്ലാക്കമ്മിറ്റിയംഗമാകും
കണ്ണൂർ: ഫണ്ട് തിരിമറി ആരോപണത്തെ തുടർന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെ വീണ്ടും ജില്ലാ സെക്രട്ടേറിയറ്റിലെടുത്തു. ജില്ലാക്കമ്മിറ്റി അംഗമായ പി. സന്തോഷിനെ പയ്യന്നൂർ ഏരിയ സെക്രട്ടറിയായും നിയമിച്ചു. ഇതുസംബന്ധിച്ച് പരാതി നൽകിയതിന്റെ പേരിൽ പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ വി. കുഞ്ഞിക്കൃഷ്ണനെ ജില്ലാക്കമ്മിറ്റിയംഗമായി ഉൾപ്പെടുത്താനും ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാസെക്രട്ടേറിയറ്റ്, ജില്ലാകമ്മിറ്റിയോഗത്തിൽ തീരുമാനമായി.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ തിരിമറി നടത്തിയെന്ന ആരോപണം അന്ന് ഏരിയ സെക്രട്ടറിയായിരുന്ന വി. കുഞ്ഞിക്കൃഷ്ണനാണ് ഉന്നയിച്ചത്.
ടി.ഐ. മധുസൂദനൻ, ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന ടി. വിശ്വനാഥൻ, കെ.കെ. ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരുണാകരൻ, മുൻ ഏരിയ സെക്രട്ടറി കെ.പി. മധു തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. ഒരു കോടിയിലേറെ രൂപ വ്യാജ രസീത് ഉണ്ടാക്കി നേതാക്കൾ തട്ടിയെടുത്തെന്ന പരാതി പാർട്ടി നിയോഗിച്ച സംസ്ഥാന സമിതി അംഗം ടി.വി രാജേഷിന്റേയുംപി.വി.ഗോപിനാഥിന്റേയും നേതൃത്വത്തിലുള്ള കമ്മിഷനാണ് അന്വേഷിച്ചത്.
ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നായിരുന്നു തരംതാഴ്ത്തലടക്കമുള്ള നടപടി. ആരോപണമുയർത്തിയ കുഞ്ഞിക്കൃഷ്ണനെ ഏരിയാസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. സംസ്ഥാനക്കമ്മിറ്റിയംഗം ടി.വി. രാജേഷിനായിരുന്നു തുടർന്ന് ഏരിയാസെക്രട്ടറി ചുമതല നൽകിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |