കാസർകോട് : സ്കൂൾ ബസ് ഓട്ടോയിൽ ഇടിച്ച് ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറും മരിച്ചു. മരിച്ചവരിൽ മൂന്നുപേർ സഹോദരിമാരാണ്. മൊഗ്രാൽ പുത്തൂർ മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (50), ഷെയ്ക്ക് അലിയുടെ ഭാര്യ ബീഫാത്തിമ മൊഗർ( 63 ), ഇസ് മായിലിന്റെ ഭാര്യ ഉമ്മാലിമ്മ(50), ബെള്ളൂരിലെ അബ്ബാസിന്റെ ഭാര്യ നബീസ (45) ,
ഓട്ടോറിക്ഷ ഡ്രൈവർ ഏരിയാൽ ഫാത്തിമ കോമ്പൗണ്ട് സ്വദേശിയും മൊഗ്രാൽപുത്തൂർ മൊഗറിൽ താമസക്കാരനുമായ എ.എച്ച്.അബ്ദുൽ റൗഫ് (63) എന്നിവരാണ് മരിച്ചത്.
നാലുപേർ സംഭവസ്ഥലത്ത് വച്ചും ഓട്ടോ ഡ്രൈവർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിലാണ് ഇന്നലെ വൈകിട്ട് 5.20 മണിക്ക് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
മൊഗ്രാൽ പുത്തൂരിൽ നിന്ന് പെർളയിലെ മരണവീട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ബദിയടുക്ക പെർളയിൽ സ്കൂൾ കുട്ടികളെ ഇറക്കിയ ശേഷം തിരിച്ചുവരുകയായിരുന്ന മാന്യയിലെ ഗ്ലോബൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു.
ഇടിയിൽ രണ്ടുവട്ടം തിരിഞ്ഞുപോയ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ രണ്ട് സ്ത്രീകൾ പുറത്തേക്ക് തെറിച്ചു വീണ നിലയിലായിരുന്നു. മറ്റു രണ്ടു സ്ത്രീകൾ ഓട്ടോറിക്ഷയുടെ അകത്തുമാണ് ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ഓട്ടോറിക്ഷയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബദിയടുക്ക പൊലീസും നാട്ടുകാരും എത്തിയാണ് ഗുരുതരമായി പരിക്കറ്റ് കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മരിച്ചവരിൽ ഉസ്മാന്റെ ഭാര്യ ബീഫാത്തിമ (50), ഷെയ്ക്ക് അലിയുടെ ഭാര്യ ബീഫാത്തിമ മൊഗർ( 63 ), ഇസ് മായിലിന്റെ ഭാര്യ ഉമ്മാലിമ്മ(50) എന്നിവർ സഹോദരിമാരാണ്. ബെള്ളൂരിലെ അബ്ബാസിന്റെ ഭാര്യ നബീസ (45) ഇവരുടെ മാതൃസഹോദരിയാണ്.
തായലങ്ങാടി സ്വദേശിയും മൊഗറിൽ താമസക്കാരനുമാണ് മരിച്ച ഓട്ടോഡ്രൈവർ എ.എച്ച്.അബ്ദുൾ റൗഫ് (58). ഭാര്യ:റംല. മക്കൾ: റഹീസ്, രഹാന, റൈഫ. സഹോദരങ്ങൾ:ബഷീർ, ശുക്കൂർ, മൂസ, പരേതനായ മുഹമ്മദ്.
ബീഫാത്തിമയുടെ മക്കൾ: മുംതാസ്, മുനീറ, മുബാശിർ. സന, അസ്ഹറുദ്ധീൻ എന്നിവർ ഉമ്മു ഹലിമയുടെ മക്കളാണ്:
നഫീസയുടെ മക്കൾ: മുഹമ്മദ് മുർത്തള, ഫായിസ, ഫമീസ, നിഷാന. ഷൈഖ് അലി-ബീഫാത്തിമ ദമ്പതികളുടെ മക്കൾ : റൗഫ്, ഹാരിസ്, അനസ്, തസ് രീബ, റുഖിയ, മാസിദ, അതീഖ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |