ക്ലീവ്‌ലാൻഡ് ബലൂൺ ഫെസ്റ്റിന് നാളെ 37 വയസ്
ന്യൂയോർക്ക് : 15 ലക്ഷം ബലൂണുകൾ ഒരുമിച്ച് ആകാശത്തേക്ക് പറന്നുയർന്നാൽ എന്ത് സംഭവിക്കും ? 37 വർഷങ്ങൾക്ക് മുമ്പ്, 1986 സെപ്റ്റംബർ 27ന് അങ്ങനെയൊന്ന് അമേരിക്കയിലെ ഒഹായോയിലെ ക്ലീവ്‌ലാൻഡ് നഗരത്തിൽ നടക്കുകയുണ്ടായി. ഏറ്റവും കൂടുതൽ ബലൂണുകൾ ആകാശത്തേക്ക് ഒരുമിച്ച് പറത്തിവിട്ട് 1985ൽ ഡിസ്നിലാൻഡ് സ്ഥാപിച്ച ലോക റെക്കോഡ് മറികടക്കാൻ വേണ്ടിയായിരുന്നു ഇത്.
പാവപ്പെട്ടവർക്ക് വേണ്ടി ധനസമാഹരണം കൂടി ലക്ഷ്യമിട്ട് യുണൈറ്റഡ് വേ ഒഫ് ക്ലീവ്‌ലാൻഡ് എന്ന സന്നദ്ധ സംഘടനയാണ് ഈ ബലൂൺ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഗിന്നസിന്റെ റെക്കോഡ് ലഭിച്ചെങ്കിലും ഈ ഫെസ്റ്റ് അനസാനിച്ചത് ദുരിതത്തിലേക്കാണെന്ന് മാത്രം. ഭാഗ്യം കൊണ്ട് ആർക്കും ജീവൻ നഷ്ടമായില്ലെങ്കിലും നിരവധി അപകടങ്ങൾക്കാണ് ഈ ബലൂൺ ഫെസ്റ്റ് കാരണമായത്.
നേരിട്ടല്ലെങ്കിലും രക്ഷാപ്രവർത്തനം വൈകിയതിലൂടെ രണ്ട് ജീവനുകൾ നഷ്ടമായതിനും ഈ ബലൂൺ ഫെസ്റ്റിനെ നിരവധി പേർ കുറ്റപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി ബലൂൺ ആകാശത്തേക്ക് പറത്തുന്ന വിഭാഗത്തെ പിന്നീട് ഗിന്നസ് നീക്കുകയും ചെയ്തിരുന്നു.
സംഭവിച്ചത്...
ഏകദേശം 6 മാസം മുമ്പ് തന്നെ ബലൂൺ ഫെസ്റ്റിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ബലൂണുകൾ ഉയർത്താനുള്ള കൂറ്റൻ വല നഗരമദ്ധ്യത്തിൽ വിരിച്ചു. ബലൂൺ പറന്ന് പൊങ്ങുന്നതിന്റെ ദൃശ്യം കാണാനുള്ള സൗകര്യങ്ങളും ഒരുക്കി. 1,429,643 ഹീലിയം ബലൂണുകളാണ് ആകാശത്തേക്ക് പറത്താൻ തയാറാക്കിയത്. 2,500 ത്തിലേറെ വോളന്റിയർമാർ ചേർന്നാണ് ഇവ സജ്ജമാക്കിയത്.
കാലാവസ്ഥ അല്പം മോശമായതിനാലും കാറ്റുണ്ടായിരുന്നതിനാലും മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തെ ബലൂണുകൾ മുകളിലേക്ക് പറത്താൻ സംഘാടകർ തീരുമാനിച്ചു. അങ്ങനെ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50ന് 15 ലക്ഷം ബലൂണുകളെ ആകാശത്തേക്ക് പറത്തിവിട്ടു.
വിവിധ വർണങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് ഉയർന്ന് പൊങ്ങുന്ന അതിമനോഹരമായ കാഴ്ചയ്ക്ക് ആയിരക്കണക്കിന് പേർ സാക്ഷിയായി. എന്നാൽ അധികം വൈകാതെ തന്നെ ബലൂണുകൾ കുഴപ്പങ്ങൾ സൃഷ്ടിച്ച് തുടങ്ങി.
വായുവിലേക്ക് പൊങ്ങിയ ബലൂണുകൾ ഉള്ളിലെ ഹീലിയം വാതകം തീരുന്നതനുസരിച്ച് സാവധാനത്തിൽ ഭൂമിയിലേക്ക് പതിക്കുമെന്നായിരുന്നു സംഘാടകർ കരുതിയിരുന്നത്. എന്നാൽ പെട്ടെന്നാണ് കാറ്റും മഴയും എത്തിയത്. ഇതോടെ ഹീലിയം തീരുന്നതിന് മുന്നേ ബലൂണുകളെല്ലാം കൂട്ടത്തോടെ താഴേക്ക് വരാൻ തുടങ്ങി.
ക്ലീവ്‌ലാൻഡിലെ പ്രധാന ഹൈവേയിലേക്ക് ബലൂണുകൾ ഇറങ്ങി. കാഴ്ച മറഞ്ഞതോടെ നിരവധി വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഭാഗ്യവശാൽ ആരും മരിച്ചില്ല. ഇതിനിടെ സമീപത്തെ ബൂർക് ലേക്ക്ഫ്രണ്ട് എയർപോർട്ടിലെ റൺവേയിലേക്കും ബലൂണുകൾ നിറഞ്ഞു. ഇതോടെ അധികൃതർ റൺവേ അടച്ചിട്ടു. പ്രദേശത്തെ ഫാമുകളിലേക്കും മറ്റും ബലൂണുകൾ പറന്നിറങ്ങിയതോടെ കുതിരകൾ അടക്കമുള്ള വളർത്തുമൃഗങ്ങൾ ഭയന്നോടി.
ബലൂൺ ഫെസ്റ്റിവലിന്റെ തലേ ദിവസം ക്ലീവ്‌ലാൻഡിലൂടെ ഒഴുകുന്ന ഇറി തടാകത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ബലൂൺ ഫെസ്റ്റ് നടന്ന ദിവസം കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഇവിടെ തിരച്ചിൽ തുടരുന്നുണ്ടായിരുന്നു. ബലൂണുകൾ തടാകത്തിലേക്കും വന്നുവീണു. ഇത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തി. മൂന്ന് ദിവസങ്ങൾക്ക് ശേഷം മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു.
ബലൂൺ വീഴ്ച അവസാനിക്കുമ്പോഴേക്കും സംഘാടകർക്കെതിരെയുള്ള നിയമക്കുരുക്ക് മുറുകിയിരുന്നു. വാഹനാപകടത്തിൽപ്പെട്ടവർ മുതൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ വരെ ബലൂൺ ഫെസ്റ്റിനെതിരെ കേസ് നൽകി. പരിപാടിയിലൂടെ സമാഹരിച്ച തുക സംഘാടകർക്ക് ഈ കേസുകളുടെ ഒത്തുതീർപ്പിനായി ഉപയോഗിക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |