ഒട്ടാവ: കാനഡയിലെ 250 സിഖ് ഗുരുദ്വാരകളിൽ 8 എണ്ണത്തിന്റെ നിയന്ത്രണം ഖാലിസ്ഥാനി സംഘടനകൾക്കെന്ന് റിപ്പോർട്ട്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഒരു ദേശീയ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്.
സറെ,ബ്രിട്ടീഷ് കൊളംബിയ,ബ്രാംപ്‌റ്റൺ,അബോട്ട്സ്ഫോർഡ്,ടൊറന്റോയുടെ ചില മേഖലകൾ എന്നിവിടങ്ങളിലാണ് ഖാലിസ്ഥാൻ ഗ്രൂപ്പുകൾ സജീവം. ഏകദേശം 10,000 സിഖുകാർ ഖാലിസ്ഥാൻ പ്രത്യയ ശാസ്ത്രത്തെ അനുകൂലിക്കുന്നു. ഇതിൽ 5,000 പേരാണ് സജീവ പ്രവർത്തകർ. മറ്റുള്ളവർ സഹതാപത്തിനോ സമ്മർദ്ദത്തിനോ വഴങ്ങി പിന്തുണ നൽകുന്നവരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കാനഡയിൽ രണ്ട് തരം ഗുരുദ്വാരകളുണ്ട്. ഒന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഗുരുദ്വാരകൾ. മറ്റൊന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികളുടെ നിയന്ത്രണത്തിലുള്ളതും വലുതുമായ നോൺ-പ്രോഫിറ്റ് ഗുരുദ്വാരകൾ. ഗുരുദ്വാരകളിലെ ലംഗർ ഹാളുകളിൽ കസേരകൾ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന മിതവാദികളും പായകൾ മതിയെന്ന് ആവശ്യപ്പെടുന്ന തീവ്രപക്ഷക്കാരുമുണ്ട്. ഈ രണ്ടു കൂട്ടരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിഭാഗമാണ് നോൺ-പ്രോഫിറ്റ് ഗുരുദ്വാരകൾ നടത്തുന്നത്.
സറെയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയിൽ രണ്ട് തവണ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ. ബ്രിട്ടീഷ് കൊളംബിയ സിഖ് ഗുരുദ്വാര കൗൺസിലിന് കീഴിലെ എട്ട് ഗുരുദ്വാരകളിൽ നാലെണ്ണം ഖാലിസ്ഥാൻ ഗ്രൂപ്പുകൾ നയിക്കുന്നെന്ന് കരുതുന്നു. ഒന്റേറിയോയിലെ ഡിക്സീ ഗുരുദ്വാരയും ഖാലിസ്ഥാനി ഗ്രൂപ്പുകളാണ് നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |