മലപ്പുറം: സഹകരണ ബാങ്ക് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് പരാതി. യുഡിഎഫ് ഭരിക്കുന്ന മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരാണ് പ്രതിസന്ധി നേരിടുന്നത്. ഇതുസംബന്ധിച്ച് മലപ്പുറം ജോയിന്റ് രജിസ്‌ട്രാർക്ക് പരാതി നൽകിയിരിക്കുകയാണ് നിക്ഷേപകർ.
കല്യാണ, ചികിത്സാ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാൻ എത്തുന്നവരെയടക്കം പണമില്ലെന്ന കാരണം പറഞ്ഞ് മടക്കിയയക്കുകയാണ്. ആവശ്യത്തിന് പണം പിൻവലിക്കാനായി എത്തുമ്പോൾ അക്രമസംഭവങ്ങളും ഉണ്ടാകുന്നുവെന്ന് നിക്ഷേപകർ പരാതിപ്പെടുന്നു. മുൻ ഭരണസമിതി നടത്തിയ ക്രമക്കേടിനെത്തുടർന്ന് ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും നടപ്പിലായില്ല. ബാങ്കിന്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകർ രജിസ്‌ട്രാർക്ക് പരാതി നൽകിയിരിക്കുന്നത്. നടപടിയുണ്ടായില്ലെങ്കിൽ സമരത്തിലേയ്ക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.
പണമില്ലാതെ കരുവന്നൂർ ബാങ്കും
മറ്റ് നിരവധി സഹകരണ ബാങ്കുകളിലും നിക്ഷേപകർ സമാന പ്രതിസന്ധി നേരിടുകയാണ്. കരുവന്നൂർ ബാങ്കിൽ സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം ലക്ഷങ്ങൾ നിക്ഷേപിച്ചവർ പണം തവണയായിപ്പോലും തിരിച്ചുകിട്ടാതെ നട്ടം തിരിയുന്നു. ബാങ്കിൽ പണമില്ലെന്നാണ് മറുപടി. ലോൺ കളക്ഷൻ കുറവാണെന്നും പറയുന്നു. ചികിത്സയ്ക്കും മരണാനന്തര ചടങ്ങുകൾക്കുമുള്ള സഹായം പോലും നൽകുന്നില്ലെന്ന് നിക്ഷേപകർ പരാതിപ്പെടുകയാണ്. മുപ്പത് ലക്ഷത്തിലേറെ നിക്ഷേപമുള്ളവരുണ്ട്.
തട്ടിപ്പ് തുടർക്കഥയാകുന്നു
സാധാരണക്കാർക്ക് എളുപ്പത്തിൽ സമീപിക്കാവുന്ന സഹകരണ ബാങ്കുകൾ തട്ടിപ്പുകേന്ദ്രങ്ങളായി മാറുന്നതിന്റെ വാർത്തകൾ അടുത്തിടെയായി മാദ്ധ്യമങ്ങളിൽ നിറയുകയാണ്. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു കരുവന്നൂർ ബാങ്കിലേത്. സിപിഎം ഭരിക്കുന്ന ബാങ്കിൽ പണം നിക്ഷേപിച്ച ആയിരക്കണക്കിന് പേർക്ക് ഇപ്പോഴും തുക തിരിച്ച് കിട്ടാനുണ്ട്. ഏകദേശം 300 കോടിയുടെ തട്ടിപ്പ് ഇവിടെ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം കണ്ടല സഹകരണബാങ്കിൽ നടന്ന 57 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പിന്റെ വാർത്തയും പുറത്തുവന്നിരിക്കുകയാണ്.
തൃശൂർ അയ്യന്തോൾ സഹകരണബാങ്കിൽ അധികൃതർ വ്യാജവിലാസത്തിൽ വായ്പ നൽകിയതിനെത്തുടർന്ന് വെട്ടിലായിരിക്കുകയാണ് വൃദ്ധ ദമ്പതികൾ. ബാങ്ക് പരിധിയിൽ താമസക്കാരല്ലാത്ത വൃദ്ധ ദമ്പതികളുടെ പേരിൽ 92 ലക്ഷം രൂപയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് 2017ൽ വായ്പ നൽകിയത്. തിരിച്ചടവ് മുടങ്ങി, പലിശയടക്കം 1.3 കോടിയുടെ ബാദ്ധ്യതയായതോടെ ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് തട്ടിപ്പാണെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞത്.
തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശി റിട്ട.ഡെപ്യൂട്ടി തഹസിൽദാർ കുട്ടികൃഷ്ണനും ഭാര്യ റിട്ട.അദ്ധ്യാപിക ശാരദയുമാണ് തട്ടിപ്പിനിരയായത്. മലപ്പുറം ആലക്കോട് അബൂബക്കറാണ് തങ്ങളുടെ ഭൂമി ഈടായി നൽകി വായ്പ എടുപ്പിച്ചതെന്ന് ദമ്പതികൾ പറയുന്നു. 25 ലക്ഷം രൂപ ദമ്പതികൾക്ക് നൽകിയശേഷം ശേഷിക്കുന്ന തുക ഇയാൾ കൈക്കലാക്കി. ഒരു വർഷത്തിനകം ബാക്കി തുക നൽകാമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കൊടുത്തില്ല. ഒരു ഗഡു മാത്രമാണ് അബൂബക്കർ അടച്ചത്.
ചിറ്റിലപ്പിള്ളിയിൽ ശാരദയുടെ പേരിലുള്ള 28.5 സെന്റ് ഭൂമിയാണ് ഈടായി നൽകിയത്. ഇതിൽനിന്ന് സെന്റിന് ഏഴുലക്ഷം വച്ച് 10 സെന്റ് താൻ വാങ്ങാമെന്ന് അബൂബക്കർ ഉറപ്പുനൽകിയാണ് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ദമ്പതികളെ വായ്പയെടുക്കാൻ ഇയാൾ പ്രേരിപ്പിച്ചത്. ഇതിനായി തൃശൂർ അമലനഗർ ജില്ലാ സർവീസ് സഹകരണ ബാങ്കിൽ നിന്ന് ദമ്പതികൾ നേരത്തെ എടുത്തിരുന്ന 10 ലക്ഷത്തിന്റെ വായ്പാബാദ്ധ്യത അബൂബക്കർ തന്നെ അടച്ച് വിശ്വാസ്യത നേടി. തൃശൂർ ഒളരിയിലെ വ്യാജവിലാസം നൽകി ഒറ്റദിവസം കൊണ്ടാണ് അബൂബക്കർ വായ്പ തരപ്പെടുത്തിയത്. ഈ വിലാസത്തിലെ താമസക്കാരാണോ ദമ്പതികൾ എന്ന് അന്വേഷിക്കാതെയും രേഖകൾ പരിശോധിക്കാതെയുമാണ് ബാങ്ക് വായ്പ നൽകിയതെന്നാണ് ആക്ഷേപം. തിരിച്ചടവ് മുടങ്ങിയതോടെ ഇവരുടെ യഥാർത്ഥ വിലാസം തേടിപ്പിടിച്ച് ജപ്തി നോട്ടീസ് നൽകുകയായിരുന്നു.
അഴിമതി ആരോപണത്തെ തുടർന്ന് സിപ എം നിയന്ത്രണത്തിലുള്ള മുട്ടത്തറ സർവീസ് സഹകരണ ബാങ്കും അടുത്തിടെ പിരിച്ചുവിട്ടിരുന്നു. സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ മന്ത്രി വി എൻ വാസവനാണ് ബാങ്ക് പിരിച്ചുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |