ചെന്നൈ: രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ്. ചെന്നൈ നഗരത്തിൽ നിന്നും വിജയവാഡയിലേക്ക് സർവീസ് ആരംഭിച്ച വന്ദേഭാരത് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ശരിക്കും അനുഗ്രഹമാണ്. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരും. എന്നാൽ പുതിയ വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂറാണ്.
ചെന്നൈയിൽ നിന്നും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി സന്ദർശിക്കുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി കുറഞ്ഞു. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തിച്ചേരും. ഇവിടെ നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ളത്.
ഈ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം ഈ ദൂരം ഓടിയെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ സാധിക്കും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമാണ്.
അതേസമയം, ചെന്നൈയിൽ നിന്നും 514 കിലോ മീറ്ററാണ് വിജയവാഡയിലേക്കുള്ളത്. ആറ് മണിക്കൂർ 40 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് ഈ ദുരം ഓടിയെത്തുന്നത്. ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വന്ദേഭാരത് ഈ റൂട്ടിൽ സർവീസ് നടത്തും. രാവിലെ 5.30ന് ചെന്നൈയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.10 ഓടെ വിജയവാഡയിൽ എത്തും.
ഉദയ്പൂർ ജയ്പൂർ, തിരുനെൽവേലി മധുര ചെന്നൈ, ഹൈദരാബാദ് ബെംഗളൂരു, പട്ന ഹൗറ, റൂർക്കേല ഭുവനേശ്വർ പുരി, റാഞ്ചി ഹൗറ, ജാംനഗർ അഹമ്മദാബാദ് എന്നിവയാണ് ഞായറാഴ്ച ആരംഭിച്ച മറ്റ് വന്ദേഭാരത് എക്സ്പ്രസുകൾ. കേരളത്തിന് അനുവദിച്ച ട്രെയിനും റൂർക്കേല ഭുവനേശ്വർ പുരി വന്ദേഭാരത് എക്സ്പ്രസിനുമാണ് കൂടുതൽ വേഗതയുള്ളത്.
ഇതേ റൂട്ടുകളിൽ ഓടുന്ന ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂർ വേഗത കൂടുതലാണ്. റൂർക്കേല ഭുവനേശ്വർ പുരി വന്ദേ ഭാരത് എക്സ് പ്രസും തിരുനെൽവേലി മധുര ചെന്നൈ വന്ദേ ഭാരത് എക്സ് പ്രസും പ്രധാന തീർത്ഥാടന നഗരങ്ങളായ പുരിയെയും മധുരയെയും ബന്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |