പാലക്കാട്: അട്ടപ്പാടിയിൽ സഹപാഠികളുടെ കൺമുന്നിൽവച്ച് ആദിവാസി പെൺകുട്ടികളുടെ വസ്ത്രം ഹോസ്റ്റൽ അധികൃതർ അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ ഈ മാസം ഇരുപത്തിരണ്ടിനാണ് സംഭവം. വിദ്യാർത്ഥിനികളുടെ പരാതിയിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.
ഹോസ്റ്റലിലെ ചില വിദ്യാർത്ഥികൾക്ക് ചർമ രോഗം ഉണ്ടായിരുന്നു. അതിനാൽത്തന്നെ വസ്ത്രങ്ങൾ പരസ്പരം മാറിയിടരുതെന്ന് ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.
സഹപാഠികളുടെ കൺമുന്നിൽവച്ച് വസ്ത്രം അഴിപ്പിച്ചത് മാനസിക പ്രയാസങ്ങൾക്കിടയാക്കിയെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയും അവർ അഗളി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |