SignIn
Kerala Kaumudi Online
Friday, 01 December 2023 4.54 AM IST

ചികിത്സ ലഭിക്കില്ല, ഒറ്റപ്പെടുത്തലും അവഗണനയും മാത്രം; എന്നിട്ടും കേരളത്തിൽ നിന്നുൾപ്പെടെയുള്ള ട്രാൻസ്‌ജെൻഡേഴ്‌സ് തായ്‌‌ലൻഡിലേയ്‌ക്ക് പോകാൻ ഒരു കാരണമുണ്ട്

transgenders

അറിവാകുന്ന പ്രായം മുതൽ സ്വന്തം ശരീരത്തോട് അകൽച്ച തോന്നിത്തുടങ്ങുന്നവരാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ. സ്വന്തം കുടുംബത്തിൽ നിന്ന് പോലുമുള്ള അവഗണനയും മാറ്റിനിർത്തലും അവരെ മാനസികമായി വലിയ രീതിയിൽ തളർത്താറുണ്ട്. സമൂഹത്തിന്റെ അവഗണന സഹിക്കവയ്യാതെ വിദ്യാഭ്യാസം പോലും പാതിവഴിയിൽ ഉപേക്ഷിച്ച് നാടുവിട്ടുപോകുന്നവരും കുറവല്ല. എത്രയൊക്കെ പുരോഗമനമുണ്ടായി എന്ന് പറഞ്ഞാലും ഇപ്പോഴും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ നമ്മുടെ സമൂഹം പൂർണമായി അംഗീകരിച്ചിട്ടില്ല. എന്നാൽ, സ്വദേശികളല്ലാത്ത മറ്റ് രാജ്യത്തുള്ള ട്രാൻജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് ചികിത്സയും അഭയവും നൽകുന്ന ഒരു രാജ്യമുണ്ട്. ടൂറിസത്തിന്റെ പേരിൽ പ്രസിദ്ധമായ ഈ രാജ്യം ട്രാൻസ്‌ജെൻഡേഴ്‌സിന് ഇൻഷ്വറൻസ് ഉൾപ്പെടെ പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു.

മനുഷ്യന് ശാരീരികമായും മാനസികമായും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമാണെന്നും ഇത്തരത്തിലുള്ളവരെ അവഗണിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് വേണ്ടതെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച ആ രാജ്യം തായ്‌ലൻ‌ഡാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ട്രാൻജെൻഡർ വിഭാഗത്തിൽപ്പെട്ടവർ താമസിക്കുന്ന ഈ രാജ്യം 'ട്രാൻജെൻഡേഴ്സിന്റെ സ്വർഗം' എന്നും അറിയപ്പെടുന്നുണ്ട്. കുറഞ്ഞ ചികിത്സാചെലവ്, താരതമ്യേന കുറഞ്ഞ നിരക്കിൽ ലിംഗമാറ്റ ശസ്ത്രക്രിയ തുടങ്ങിയ സൗകര്യങ്ങളും തായ്‌ലൻ‌ഡിൽ ലഭ്യമാണ്.

മറ്റ് രാജ്യത്തിലുള്ള ലൈംഗികന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം സ്വർഗം തന്നെയാണ് തായ്‌ലൻഡ്. സമൂഹം അകറ്റി നിർത്തുന്ന ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റിയിൽ സുരക്ഷിതമായി ജീവിക്കാൻ തായ്‌ലൻഡിലെത്തിക്കഴിഞ്ഞാൽ സാധിക്കും. വംശം, നിറം, ലിംഗഭേദം, ഭാഷ, മതം, രാഷ്ട്രീയം, ദേശം തുടങ്ങിയ ഒരു വേർതിരിവുമില്ലാതെ എല്ലാ അവകാശങ്ങൾക്കും എല്ലാവർക്കും അർഹതയുണ്ട്.

surgery

കുറഞ്ഞ ചെലവിൽ ലിംഗമാറ്റ ശസ്ത്രക്രിയ

മിതമായ പണച്ചെലവും ഉയർന്ന നിലവാരമുള്ളതുമായ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് പേരുകേട്ട രാജ്യമാണ് തായ്‌ലൻഡ്. അതിത്ഥികൾക്ക് ഇവർ വളരെയധികം പ്രാധാന്യം നൽകുന്നു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പ്രകാരം, 18.4 ശതമാനം വർദ്ധനവാണ് തായ്‌ലൻഡ് മെഡിക്കൽ ടൂറിസത്തിൽ ഉണ്ടായിട്ടുള്ളത്. ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയിൽ തന്നെ കാര്യമായ വളർച്ച കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്.

പലപ്പോഴും മറ്റ് രാജ്യങ്ങളിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒന്നാണ് ആരോഗ്യപ്രശ്നങ്ങൾ. മനുഷ്യർ എന്ന നിലയിൽ അവർക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. ചുറ്റിലുമുള്ള എതിർപ്പുകളും കൂടിയാകുമ്പോൾ അവർ മാനസികമായും നല്ല രീതിയിൽ തളർന്നുപോകുന്നു. ഇതിന് പുറമെയാണ് ആശുപത്രികളിൽ പോലുമുള്ള ഒറ്റപ്പെടുത്തലുകൾ. തായ്‌ലൻഡിലെ കാര്യവും വ്യത്യസ്തമല്ല. വിദേശികൾക്ക് കൊടുക്കുന്ന ആനുകൂല്യങ്ങളോ സംരക്ഷണമോ ഇവിടുത്തെ സ്വദേശികൾക്ക് ലഭ്യമാകുന്നില്ല. നിയമങ്ങൾ പലതും നിലവിലുണ്ടെങ്കിലും അതെല്ലാം വെറും പേപ്പറിൽ ഒതുങ്ങുകയാണ്.

law

പേപ്പറിൽ ഒതുങ്ങുന്ന നിയമങ്ങൾ

2015ലാണ് വിവേചനങ്ങൾക്കെതിരെ ലിംഗസമത്വ നിയമം തായ്‌ലൻഡിൽ നിലവിൽ വന്നത്. ആൺ, പെൺ, ട്രാൻസ്‌ജെൻഡർ എന്നിങ്ങനെ വേർതിരിവില്ലാതെ ഒരു വ്യക്തി എന്ന നിലയിൽ കാണണമെന്നും അവരുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നുമാണ് ഈ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, വിവേചനങ്ങൾക്കെതിരെ നിയമപരിരക്ഷയുണ്ടെങ്കിലും പല രേഖകളിലും ആൺ, പെൺ എന്നപോലെ ട്രാൻസ്‌ജെൻഡർ എന്ന് ചേർത്തിട്ടില്ല.

സ്വവർഗ ദമ്പതികൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. സ്കൂളുകൾ മുതൽ ജോലി സ്ഥലങ്ങളിൽ വരെ ഈ പ്രശ്നം അവർക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. സ്വവർഗ വിവാഹം നിയമപരമാക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ സംഭവിച്ചാൽ, ദത്തെടുക്കാനുള്ള അവകാശവും നൽകണം. സമൂഹമാകെ ഇവരെ സ്വീകരിക്കുന്ന രീതിയെ ആശ്രയിച്ചാവും നിയമം കൊണ്ടുവരണമോ വേണ്ടയോ എന്ന കാര്യത്തിൽ പോലും തീരുമാനമെടുക്കുക. ആശുപത്രികളിൽ പോലും ഇവർക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.

സ്വദേശികൾക്കുള്ള ചികിത്സ

2021ൽ, തായ്‌ലൻഡിലെ മുൻനിര സ്വകാര്യ ആശുപത്രിയായ ബുംറുൻഗ്രാഡ്, ലൈംഗികന്യൂനപക്ഷ വിഭാഗത്തിനായി ഒരു പ്രത്യേക ക്ലിനിക്ക് തുറന്നു. അത് "പ്രൈഡ് ക്ലിനിക്ക്" എന്ന പേരിലാണ് അറിയപ്പെടുന്നത്. അവിടെ നല്ല ചികിത്സകളും രോഗികൾക്ക് വേണ്ട പരിചരണവും ലഭ്യമാണ്. ഈ സംരംഭം അഭിനന്ദനാർഹമാണെങ്കിലും, ഒരു സർക്കാർ സംരംഭമല്ലാത്തതിനാൽ ഇത് എത്ര നാൾ പ്രവർത്തിക്കുമെന്ന കാര്യത്തിൽ സ്ഥിരതയില്ല.

thailand

"Go Thai. Be Free"

ലൈംഗികന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് "Go Thai. Be Free" എന്ന പേരിൽ ഒരു പുതിയ ക്യാമ്പയിൻ തന്നെ തായ്‌ലൻഡ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് നിരവധി വിനോദസഞ്ചാരികളെ അവിടേയ്‌ക്ക് ആകർഷിക്കുന്നുണ്ട്. എന്നാൽ, ഈ വിഭാഗത്തിൽപ്പെട്ട സ്വദേശികൾക്ക് സംരക്ഷണം നൽകാത്ത രാജ്യം വിനോദസഞ്ചാരികളെ സംരക്ഷിക്കുമോ എന്ന കാര്യം ചോദ്യംചെയ്യപ്പെടേണ്ടതാണ്.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ലൈംഗികന്യൂനപക്ഷത്തിന് വളരെയേറെ പ്രധാന്യം കൊടുക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. എന്നാൽ, 'ട്രാൻജെൻഡേഴ്സിന്റെ സ്വർഗം' എന്ന് അറിയപ്പെടാൻ മാത്രം മതിയായ നിയമ സംരക്ഷണം ഇവർ ലൈംഗികന്യൂനപക്ഷത്തിന് ഉറപ്പുവരുത്തുന്നില്ലെന്നുള്ളതാണ് സത്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRANSGENDERS, THAILAND, LAW, SURGERY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.