രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽകെ അവാർഡ് കരസ്ഥമാക്കി ബോളിവുഡിലെ മുതിർന്ന നടി വഹീദ റഹ്മാൻ. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്ന് അനുരാഗ് താക്കൂർ പുരസ്കാര പ്രഖ്യാപനത്തിനിടെ പറഞ്ഞു. ആലിബാബാവും നാൽപ്പത് തിരുടർഗളും എന്ന തമിഴ് ചിത്രത്തിൽ നർത്തകിയായാണ് വഹീദ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1955 ൽ പ്രദർശനത്തിനെത്തിയ റോജുലു മാരായി എന്ന തെലുങ്ക് ചിത്രമായിരുന്നു വഹീദയുടെ തിയേറ്ററുകളിലെത്തിയ ആദ്യ ചിത്രം. 1956 ൽ രാജ് ഘോസ്ള സംവിധാനം ചെയ്ത സി. ഐ. ഡി ആണ് ആദ്യ ഹിന്ദി ചിത്രം. രേഷ്മ ഔർ ഷേര എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായി. 1972 ൽ പദ്മശ്രീയും 2011 ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിലെ നിറസാന്നിദ്ധ്യമായ വഹീദാ റഹ്മാൻ തൊണ്ണൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. രണ്ടായിരത്തിനുശേഷം കുറച്ചു സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. 2021ൽ പുറത്തിറങ്ങിയ സ്കേറ്റർ ഗേൾ ആണ് പുറത്തിറങ്ങിയ അവസാന ചിത്രം. തമിഴ് നാട്ടിലെ ചെങ്കൽപ്പേട്ട് ആണ് നാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |