കൊല്ലം: പ്രകൃതിയും ചരിത്രവും അറിയാൻ വേറിട്ടൊരു യാത്ര എന്ന ആശയവുമായി 'കോപ്പർ പ്ലേറ്റ് സർക്യൂട്ട് 'യാത്രയുമായി ലീലാറാവിസ് ഗ്രൂപ്പ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തെക്കൻജില്ലകൾ കോർത്തിണക്കിയാണ് യാത്ര. സഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക രുചിവൈവിദ്ധ്യങ്ങൾ അനുഭവിക്കാനുള്ള അവസരവും ഉണ്ടാകും. ശ്രീവില്ലി പുത്തൂർ, തെങ്കാശി, അഷ്ടമുടി, ജടായുപാറ, പുനലൂർ തൂക്കുപാലം, ശെന്തുരുണി വന്യജീവിസങ്കേതം, പാലരുവി, അഞ്ചുതെങ്ങ് കോട്ടകൾ, ഗുഹാക്ഷേത്രം, വർക്കല, കോവളം, പൂവാർ, കന്യാകുമാരി, തിരുച്ചെന്തൂർ, തിരുനെൽവേലി തുടങ്ങി 45ലധികം സ്ഥലങ്ങളാണ് കോപ്പർ സർക്യൂട്ടിലെ പ്രധാന ആകർഷണങ്ങൾ. കഴിഞ്ഞ ദിവസം മധുരയിൽ നിന്ന് ആരംഭിച്ച യാത്രയുടെ ആദ്യ ഘട്ടം അഷ്ടമുടിയിൽ സമാപിച്ചു. അഷ്ടമുടി മുതൽ കോവളം ലീലറാവിസ് വരെയാണ് കോപ്പർ സർക്യൂട്ടിന്റെ രണ്ടാംഘട്ടം. യാത്ര വ്യാഴാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ ലീലാറാവിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കോപ്പർ പ്ലേറ്റ് സർക്യൂട്ടിലൂടെ സഞ്ചരിച്ച ബൈക്കറായ ബംഗളൂരു സ്വദേശിനി കലാസ്‌കൃതി ഗൗഢ യാത്രാനുഭവങ്ങൾ പങ്കുവച്ചു.
കോപ്പർ പ്ലേറ്റ് സർക്യൂട്ടിന്റെ ഔദ്യോഗിക വീഡിയോയും ലോഗോയും എം.മുകേഷ് എം.എൽ.എ പ്രകാശനം ചെയ്തു. 50വർഷം പൂർത്തിയാകുന്ന കോവളം ലീല ഹോട്ടലിന്റെ ചരിത്രമടങ്ങുന്ന ലഘുവീഡിയോയും പ്രദർശിപ്പിച്ചു. ലീലാറാവിസ് ജനറൽ മാനേജർ സാം ഫിലിപ്പ്, ലീലാറാവിസ് കോവളം മുൻ ജനറൽ മാനേജർ ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |