കൊച്ചി: കരുവന്നൂർ സഹ.ബാങ്കിലെ ബിനാമി, കള്ളപ്പണ ഇടപാടിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം. അത്താണി ലോക്കൽ കമ്മിറ്റി അംഗവുമായ പി.ആർ അരവിന്ദാക്ഷനു പുറമേ, അദ്ദേഹവുമായി അടുപ്പമുള്ള ഉന്നതരാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യക്തമാക്കി.
ഇന്നലെ അറസ്റ്റിലായ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഇതിനായി കോടതിയിൽ ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിലാണ് ഉന്നതസ്വാധീനവും വ്യക്തമാക്കിയത്.
കേസിൽ അറസ്റ്റിലാവുന്ന ആദ്യ നേതാവാണ് അരവിന്ദാക്ഷൻ. ഇന്നലെ ഉച്ചയോടെ വടക്കാഞ്ചേരി പാർളിക്കാട്ടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിൽസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്.
രണ്ടുദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ അപേക്ഷ കള്ളപ്പണം വെളുപ്പിക്കൽ നിരോധനകേസുകൾ (പി.എൽ.എം.എ) കൈകാര്യം ചെയ്യുന്ന കലൂരിലെ കോടതി ഇന്ന് പരിഗണിക്കും.
നേതാവിന്റെ അറസ്റ്റ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. മറ്റു നേതാക്കൾക്കെതിരെയും ഇ.ഡിയുടെ നടപടി ഉണ്ടാകുമെന്ന ആശങ്കയിലാണ് നേതൃത്വം. മുൻ മന്ത്രി എ.സി.മൊയ്തീൻ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ, കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
അരവിന്ദാക്ഷന് 50ലക്ഷംരൂപയുടെ നിക്ഷേപവും ബിനാമി സ്വത്തുക്കളുമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അരവിന്ദാക്ഷനെതിരെ തെളിവുകൾ
1. തട്ടിപ്പിൽ അരവിന്ദാക്ഷന്റെ പങ്ക് സംബന്ധിച്ച് റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതിയും ഇടനിലക്കാരനുമായ പി.പി. കിരൺ ഉൾപ്പെടെ നിരവധി പേരിൽനിന്ന് മൊഴികൾ ലഭിച്ചു. റിമാൻഡിലുള്ള ഒന്നാം പ്രതിയും ഇടനിലക്കാരനുമായ പി. സതീഷ്‌കുമാർ, സഹോദരൻ പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടിൽനിന്ന് വൻതുക അരവിന്ദാക്ഷന്റെ അക്കൗണ്ടിലേയ്ക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്.
2. സതീഷ്‌കുമാറിൽനിന്ന് പിടിച്ചെടുത്ത ഫോണിൽനിന്ന് അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങൾ ലഭിച്ചു.
ചോദ്യംചെയ്യലിൽ അരവിന്ദാക്ഷൻ വിവരങ്ങൾ മറച്ചുവച്ചു. ആദായനികുതി റിട്ടേണുകൾ ഉൾപ്പെടെ രേഖകൾ നൽകാൻ നൽകാൻ വിസമ്മതിച്ചു. അമ്മയുടെ പേരിലുള്ള വസ്തുവും ഒരുബാങ്ക് അക്കൗണ്ടുമാണ് വെളിപ്പെടുത്തിയത്. അരവിന്ദാക്ഷൻ വഴി സതീഷ്‌കുമാർ നിരവധി ബിനാമി ഇടപാടുകളും വസ്തുഇടപാടുകളും നടത്തിയിട്ടുണ്ട്.
3. പെരിങ്ങടൂർ സഹകരണബാങ്ക്, ധനലക്ഷ്‌മി ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകൾ ഇ.ഡി കണ്ടെത്തി. 2015, 2016, 2017 വർഷങ്ങളിൽ അക്കൗണ്ടുകൾവഴി വൻതോതിൽ ഇടപാടുകൾ നടത്തിയിട്ടുണ്ട് . കൗൺസിലർ എന്ന നിലയിൽ ലഭിക്കുന്ന ഓണറേറിയമാണ് സമ്പാദ്യമെന്ന് അറിയിച്ചെങ്കിലും 50ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട് .
4. ഉന്നതനേതാക്കൾ ഉൾപ്പെടെ വമ്പന്മാരുമായി അരവിന്ദാക്ഷന് ബന്ധമുണ്ട്. തട്ടിപ്പിൽ ഗുണഭോക്താക്കളായവരെക്കുറിച്ച് അരവിന്ദാക്ഷന് അറിവുണ്ട്. സതീഷ്‌കുമാർ നടത്തിയ തട്ടിപ്പിലൂടെയാണ് 50ലക്ഷംരൂപ നേടിയതെന്ന് വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജിൽസ് തട്ടിയത് 5.06 കോടി
സി.കെ. ജിൽസ് സ്വന്തവും ബിനാമിപ്പേരുകളിലും 5.06 കോടി രൂപയുടെ വായ്പ തട്ടിയെടുത്തു. സി ക്ളാസ് അംഗത്വം മാത്രമാണ് ജിൽസിനുള്ളത്. ഈടുവച്ചവസ്തു വില്ക്കുകയും ചെയ്തു. ചോദ്യംചെയ്യലിൽ തട്ടിപ്പുകൾ സംബന്ധിച്ച വിവരം നൽകാൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |