കോഴിക്കോട് : ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുനിസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ഏഴു വാർഡുകളിലെയും ഏർപ്പെടുത്തിയ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കി. ആരോഗ്യ വിദഗ്ദ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കണ്ടെയിൻമെന്റ് സോണുകൾ ഒഴിവാക്കി ജില്ലാ കളക്ടർ എ. ഗീത ഉത്തരവിറക്കിയത്.
ചെറുവണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തിയിരുന്നു. ഇവരുടെയെല്ലാം പരിശോധനാ സാമ്പിളുകൾ നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം പിൻവലിച്ചത്.
എന്നാൽ പോസിറ്റീവായവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലഭിക്കുംവരെ അതേ സ്ഥിതി തുടരണം. ഇക്കാര്യം ബന്ധപ്പെട്ട വാർഡുകളിലെ ആർ. ആർ. ടിമാരും ആരോഗ്യപ്രവർത്തകരും ഉറപ്പുവരുത്തും. ജില്ലയിൽ ഒക്ടോബർ ഒന്ന് വരെയുള്ള പൊതുപരിപാടികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും ചെയ്യണം. നിർദേശങ്ങൾ പാലിക്കപ്പെടുന്നണ്ടോ എന്ന് പൊലീസ് ഉറപ്പുവരുത്തും. ജില്ലയിൽ പൊതുവായി ഏർപ്പെടുത്തിയ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വടകര താലൂക്കിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ 21ന് പിൻവലിച്ചിരുന്നു. ഇതോടെ ജില്ലയിൽ നിപ്പയുമായി ബന്ധപ്പെട്ട കണ്ടെയ്ൻമെന്റ് സോണുകൾ ഇല്ലാതായി.പരിശോധനയ്ക്കയച്ച അഞ്ച് പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായി. ആകെ 383 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. പുതിയ പോസിറ്റീവ് കേസുകളില്ല.
ഐസൊലേഷൻ കാലാവധി കഴിഞ്ഞ 40 പേരെ സമ്പർക്കപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഐസൊലേഷനിലുള്ളത് 875 പേർ. നിപ പോസിറ്റീവായി ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ജീവനക്കാർക്കുള്ള വിദഗ്ദ്ധ പരിശീലനം തുടരുന്നു.
നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റി യോഗവും വൈകിട്ട് അവലോകന യോഗവും ചേർന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു. നിപ പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവർ 21 ദിവസം നിർബന്ധമായും ഐസൊലേഷനിൽ തുടരണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു ഐസൊലേഷൻ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ പൊലീസ് നടപടി സ്വീകരിക്കും.
മുമ്പ് സമ്പർക്കത്തിലൂടെ രോഗം പകർന്ന ചിലരെ സമ്പർക്കത്തിന്റെ മൂന്നാമത്തെ ആഴ്ചയിൽ ലക്ഷണങ്ങളോട് കൂടി പോസിറ്റീവായി കണ്ടതിനെത്തുടർന്നാണ് 21 ദിവസം ക്വാറന്റൈൻ എന്ന നിർദ്ദേശം വിദഗ്ദ്ധ സമിതി നൽകിയിരുന്നത്. നിപ പ്രതിരോധത്തിനുള്ള സംസ്ഥാന സർക്കാർ മാർഗരേഖയിലും 21 ദിവസമാണ് ക്വാറന്റൈൻ കാലാവധി. അത് കൃത്യമായി പാലിക്കണം.
ഇൻക്യുബേഷൻ പിരിഡിന്റെയും ഇരട്ടി അതായത് 42 ദിവസം പുതിയ രോഗികൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ മാത്രമേ നിപ ഔട്ട് ബ്രേക്കിൽ നിന്നും പൂർണ വിമുക്തി നേടി എന്നു പറയാൻ സാധിക്കുകയുള്ളൂ. അതിനാൽ ഒക്ടോബർ 26 വരെ കോഴിക്കോട് ജില്ലയിൽ ജാഗ്രത തുടരണം.
മാസ്‌ക് നിർബന്ധമായി ധരിക്കണം. നിപ നിയന്ത്രണവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകന യോഗം ചർച്ച ചെയ്തു. ജില്ലാ കളക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |