ന്യൂഡൽഹി: ഹിന്ദി ബെൽറ്റിലെ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ അടക്കം ഈ വർഷാവസാനം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ
തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ പ്രചാരണം നടത്തുമെന്ന് സൂചന. സംസ്ഥാനങ്ങളിലെ പ്രമുഖരായ നേതാക്കളുടെ നേതൃത്വത്തിൽ പ്രചാരണം നടത്തി ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം അവരിലൊരാളെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന.
നാലാമൂഴത്തിന് ശ്രമിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് തുടങ്ങിയവരുടെ സാദ്ധ്യതകളില്ലാതാക്കിയാണ് ബി.ജെ.പിയുടെ തന്ത്രം. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രണ്ടാം പട്ടികയിലും ചൗഹാനില്ല. അതേ
സമയം, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്‌തെ, എം.പിമാരായ രാകേഷ് സിംഗ് (മുൻ സംസ്ഥാന പ്രസിഡന്റ്), ഗണേഷ് സിംഗ്, റീതി പഥക്, ഉദയ് പ്രതാപ് സിംഗ്, ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ എന്നിവർ 39 അംഗ പട്ടികയിലുണ്ട്.തോമർ, രാകേഷ് സിംഗ്, ഉദയ് പ്രതാപ് സിംഗ് എന്നിവർ രജപുത്രരും പട്ടേൽ (ലോധി), ഗണേഷ് സിംഗ് (കൂർമി) എന്നിവർ ഒ.ബി.സി വിഭാഗക്കാരും കുലസ്‌തെ ആദിവാസി നേതാവും പഥക് ബ്രാഹ്മണനുമാണ്. 2018ൽ കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിച്ച കാലമൊഴികെ കഴിഞ്ഞ 20 വർഷമായി മുഖ്യമന്ത്രി പദത്തിലുള്ള നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ. രണ്ടു ദിവസം മുൻപ് മധ്യപ്രദേശിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദി ചൗഹാന്റെ പേര് പറഞ്ഞില്ല. .
ബി.ജെ.പി പ്രതിപക്ഷമായ രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാതെ മത്സരിക്കുന്നത് ആദ്യമായിട്ടാകും. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ഉയർത്തിക്കാട്ടാൻ കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നില്ലെന്ന സൂചനയുണ്ട്. വസുന്ധര തഴയപ്പെട്ടാൽ സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ,കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ തുടങ്ങിയവർക്ക് സാദ്ധ്യതയേറും.
അതേസമയം ഛത്തീസ്ഗഡിൽ ബി.ജെ.പിക്ക് നേതൃദാരിദ്യമുണ്ട്. മുൻ മുഖ്യമന്ത്രി രമൺ സിംഗ് പരിഗണിക്കപ്പെടുന്നില്ലെങ്കിൽ സംസ്ഥാന അദ്ധ്യക്ഷൻ അരുൺ സാവോയ്‌ക്ക് നറുക്ക് വീണേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |