ന്യൂഡൽഹി: എല്ലാ മേഖലയിലും രാജ്യത്തിന്റെ പുത്രിമാർ പേരു പതിക്കുന്നുവെന്നും നാരീശക്തിയുടെ നേട്ടം അഭിമാനാർഹമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വിവിധ തസ്‌തികകളിൽ നിയമിതരായ 51,000 പേർക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്‌ത ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമിതരായവരിൽ സ്ത്രീകളുടെ വലിയ സാന്നിദ്ധ്യമുണ്ട്. അവരുടെ വളർച്ചയ്ക്ക് പുതിയ വഴി തുറക്കുകയാണ് സർക്കാർ നയം. സ്ത്രീ സാന്നിദ്ധ്യം ഏതു മേഖലയിലും മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ചരിത്രനേട്ടങ്ങൾക്ക് രാജ്യവും സാക്ഷ്യം വഹിക്കുകയാണെന്ന് വനിതാ സംവരണ ബിൽ പാസായത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയിലൂടെ അഴിമതി തടയാനും വിശ്വാസ്യത വർദ്ധിപ്പിക്കാനുമാകും.
2047-ഓടെ വികസിത ഭാരതമാകാനും ലോകത്തെ വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാകാനുമുള്ള ശ്രമങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ഏറെ സംഭാവനകൾ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തപാൽ, ഓഡിറ്റ് -അക്കൗണ്ട്സ്, ആണവോർജ്ജ, റവന്യൂ, ഉന്നത വിദ്യാഭ്യാസം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും നിയമിതരായവർക്ക് 46 ഇടങ്ങളിൽ നടന്ന ചടങ്ങിലാണ് നിയമനപത്രം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |