കൊച്ചി: പോക്‌സോ കേസിലെ ഇരയെ പിന്നീട് പ്രതി വിവാഹംകഴിച്ച സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടി തുടരുന്നതിൽ പ്രയോജനമില്ലെന്ന് വിലയിരുത്തി ഹൈക്കോടതി കേസ് റദ്ദാക്കി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാൻ പത്തനാപുരം കുണ്ടയം സ്വദേശി നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്.
പെൺകുട്ടി പ്ളസ്ടു വിദ്യാർത്ഥിയായിരിക്കെ പലതവണ സ്വകാര്യ ഭാഗങ്ങളിൽ ഹർജിക്കാരൻ സ്‌പർശിച്ചെന്നാണ് കേസ്. പിന്നീട് 2019ൽ പെൺകുട്ടിയെ ഹർജിക്കാരൻ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പത്തനാപുരം പൊലീസ് രജിസ്റ്റർചെയ്ത കേസിപ്പോൾ പുനലൂർ പോക്സോ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ പ്രായപൂർത്തിയായ പെൺകുട്ടിയ കഴിഞ്ഞ ജൂൺ അഞ്ചിന് ഹർജിക്കാരൻ കല്യാണം കഴിച്ചു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർചെയ്ത സർട്ടിഫിക്കറ്റും ഹൈക്കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂട്ടറും ഇത് ശരിവച്ചു. ഇരുവരും ഭാര്യാഭർത്താക്കന്മാരായി കഴിയുകയാണെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. തുടർന്നാണ് പത്തനാപുരം പൊലീസ് രജിസ്റ്റർചെയ്ത കേസും പുനലൂർ പോക്സോ കോടതിയിലെ തുടർനടപടികളും ഹൈക്കോടതി റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |