ന്യൂഡൽഹി : മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസ് ഗൗരവമുള്ളതെന്ന് സുപ്രീം കോടതി. തൊണ്ടിമുതൽ വിചാരണക്കോടതിക്ക് തിരിച്ചുകൊടുത്തോയെന്നും കോടതി ആരാഞ്ഞു. തൊണ്ടിമുതൽ മോഷണക്കേസിൽ തുടർനടപടികൾ സ്വീകരിക്കാമെന്ന ഹൈക്കോടതി നിർദ്ദേശത്തിനെതിരെ ആന്റണി രാജു സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് സി.ടി. രവികുമാർ അദ്ധ്യക്ഷനായ ബെഞ്ച്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ജൂലായ് 25ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
അൻപതോളം തൊണ്ടിമുതലുകൾ കോടതിയിൽ നിന്ന് കൈപ്പറ്റിയെന്നും കോടതി ആവശ്യപ്പെട്ടപ്പോൾ അടിവസ്ത്രം അടക്കം തിരികെ കൊടുത്തുവെന്നും അഭിഭാഷകൻ അറിയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ രണ്ടാഴ്ച സമയം തേടി. നവംബർ ഏഴിന് പരിഗണിക്കാനായി ഹർജി മാറ്റി.
1990ലാണ് കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. ലഹരിക്കേസ് പ്രതിയായ ഓസ്ട്രേലിയൻ സ്വദേശി ആൻഡ്രൂ സാൽവത്തോറിന് വേണ്ടി ഹാജരായ ആന്റണി രാജു, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. 1994ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തപ്പോൾ ആന്റണി രാജുവിന്റെ പേരുണ്ടായിരുന്നില്ല. 2002ൽ കേസ് എഴുതിതള്ളി. പിന്നീടാണ് പ്രതിയാക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ 2006 മാർച്ചിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതെന്ന് ആന്റണി രാജുവിന്റെ ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |